മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍
കൊച്ചി: നൂറില്‍ താഴെ വോട്ടുകള്‍ക്ക് തോറ്റ മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നെന്നും ആയതിനാല്‍ മുസ്ലിം ലീഗിന്റെ പി.ബി.അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
മഞ്ചേശ്വരത്ത് വ്യാജ വോട്ടുകളുള്ളകാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തെളിയിക്കാന്‍ തനിക്ക് കഴിയും. ഇതിനെ സാധൂകരിക്കുന്ന പലകാര്യങ്ങളും തന്റെ കൈയ്യിലുണ്ട്. കോടതിയുടെ മുന്നിലുള്ള കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. നിയമപരമായി കേസില്‍ മുന്നോട്ടു പോകുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന്‍ വാശിയേറിയ പോരാട്ടത്തില്‍ 89 വോട്ടിനാണ് എതിര്‍സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. രണ്ടുതവണ എണ്ണിയിട്ടും സുരന്ദ്രന് തോല്‍വിയായിരുന്നു ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന മണ്ഡലം കൂടിയാണ് മഞ്ചേശ്വരത്തേത്.
കെ.സുന്ദര എന്ന പേരില്‍ മഞ്ചേശ്വരത്തെ സ്വതന്ത്രന്‍ 467 വോട്ട് നേടയത് സുരേന്ദ്രന് തിരിച്ചടിയായി. സിപിഎം ക്രോസ് വോട്ട് ചെയ്തതും കള്ളവോട്ടുമാണ് മഞ്ചേശ്വരത്തെ തോല്‍വിക്ക് കാരണം എന്നാണ് സുരേന്ദ്രന്റെ ആരോപണം. വിദേശത്തുള്ളവരുടെ പേരില്‍ കള്ളവോട്ട് ചെയ്‌തെന്നും ഇത് കോടതിയില്‍ തെളിയിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications