'പച്ചവെള്ളം കുടിച്ചാണ് ജീവിച്ചത്', പണം മാറാന്‍ ബാങ്കിലെത്തിയ ക്യാന്‍സര്‍ രോഗിയുടെ വെളിപ്പെടുത്തല്‍
കയ്യില്‍ 500,1000 നോട്ടുകള്‍ മാത്രമായത് കൊണ്ടാണ് ക്യാന്‍സര്‍ രോഗിയായ ആര്‍ കെ പൊറ്റശ്ശേരി ആശുപത്രി കിടക്കയില്‍ നിന്ന് ബാങ്കിലെത്തിയത്.
തിരുവനന്തപുരം: 'മോദിക്കെന്താ പെട്ടെന്നൊരു ദിവസം 500,1000 നോട്ടുകള്‍ നിരോധിച്ചാല്‍ മതിയല്ലോ, പാവപ്പെട്ട രോഗികളെ പറ്റി ആര്‍ക്കും ചിന്തിക്കേണ്ടല്ലോ' തന്റെ മനസിലുള്ള സങ്കടവും ദേഷ്യവുമെല്ലാം ആര്‍ കെ പൊറ്റശ്ശേരി എന്ന കാന്‍സര്‍ രോഗിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.
പെട്ടെന്നുള്ള 500,1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് ബുദ്ധിമുട്ടിയത്. കാന്റീനുകളിലും ഹോട്ടലുകളിലും 500,1000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് പറഞ്ഞതോടെ ആര്‍ സി സിയിലെ രോഗികളും കൂട്ടിരിപ്പുകാരും പട്ടിണിയിലായി.

'പച്ചവെള്ളം കുടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ സി സിയിലെ രോഗികളും കൂട്ടിരിപ്പുകാരും കഴിഞ്ഞുകൂടിയത്, ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്, ഹോട്ടലുകളിലൊന്നും വലിയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞപ്പോള്‍ പട്ടിണി കിടക്കുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു' ആര്‍ കെ പൊറ്റശ്ശേരി പറഞ്ഞു.
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് സമീപം പണം മാറ്റിയെടുക്കാന്‍ സംവിധാനങ്ങളൊന്നുമില്ലാത്തതിനാലാണ് ക്യാന്‍സര്‍ രോഗിയായ ആര്‍ കെ പൊറ്റശ്ശേരിയും ഭാര്യയും സ്റ്റാച്യുവിലുള്ള എസ് ബി ടി ബാങ്കിലെത്തിയത്.കോഴിക്കോട് സ്വദേശിയായ ആര്‍ കെ പൊറ്റശ്ശേരിയെ പോലെ ദൂരസ്ഥലങ്ങളില്‍ നിന്നും ചികിത്സയ്ക്കായി ആര്‍ സി സി യില്‍ എത്തിയവരാണ് നോട്ട് നിരോധനത്തില്‍ നട്ടം തിരിഞ്ഞത്.












Click it and Unblock the Notifications