'ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട കാൻസർ രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു',കുറിപ്പുമായി ഡോ. മനോജ് വെള്ളനാട്
ആന്‍ജിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. രോഗികളില്‍ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിന് എതിരെ ക്യാംപെയ്ന് വേണമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
മുഖ്യമന്ത്രി പറഞ്ഞതിനെ പിന്തുണച്ചും എതിര്‍ത്തും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുളളവര്‍ രംഗത്ത് വരുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനം സത്യമാണെന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഹൃദ്രോഹ വിഭാഗം മേധാവി ഡോ. ജി രാജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
എന്നാൽ ഇത്തരം പ്രസ്താവനകള്‍ പൊതുസമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അത് ചികിത്സ വൈകിക്കാന്‍ ഇടയാക്കിയേക്കുമെന്നുമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രതികരിച്ചിരിക്കുന്നത്. അതേസമയം ചികിത്സകളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണങ്ങള്‍ ജീവന് വരെ കളയാം എന്ന് വ്യക്തമാക്കുകയാണ് ഡോ. മനോജ് വെള്ളനാട്. കാൻസറിനെ കുറിച്ച് നടൻ ശ്രീനിവാസന്റെ കുപ്രസിദ്ധ പ്രസംഗം സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ച് ഡോ. മനോജ് വിശദീകരിക്കുന്നു.

ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഒരിക്കൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥന് കുടലിൽ കാൻസറുണ്ടെന്ന് കണ്ടെത്തി. അയാളൊരു ഹൃദ്രോഗിയായിരുന്നു. സ്ഥിരം കാണുന്ന കാർഡിയോളജിസ്റ്റിനോട് മറ്റെന്തോ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ ആ ഡോക്ടറാണ് തുടർ പരിശോധനയ്ക്ക് മറ്റാരെയോ കാണിക്കുന്നതും പുതിയ രോഗം കണ്ടെത്തുന്നതും. രോഗം കാൻസർ ആയതുകൊണ്ടുതന്നെ രോഗി ഭയന്നു. സ്ഥിരം ഡോക്ടറായ കാർഡിയോളജിസ്റ്റ് രോഗിയോട് ഏർലി സ്റ്റേജാണെന്നും പേടിക്കണ്ട ഉടനെ ചികിത്സിച്ചാൽ പൂർണമായും ഭേദമാകും എന്നുമൊക്കെ പറഞ്ഞ് മനസിലാക്കി വീട്ടിൽ വിട്ടു.
രോഗം കണ്ടെത്തിയതിന്റെ വിഷമത്തോടെ അങ്ങനെ ഇരിക്കുമ്പോഴാണ് ടിവിയിൽ നടൻ ശ്രീനിവാസന്റെ പ്രസംഗം അയാൾ കേൾക്കുന്നത്. കാൻസറിന് ചികിത്സയേയില്ലാന്നും അതു വന്നാൽ പിന്നെ മരണം മാത്രമേയുള്ളു മുന്നിലുള്ള ഏക വഴിയെന്നുമുള്ള ശ്രീനിവാസൻ്റെ കുപ്രസിദ്ധമായ ആ പ്രസംഗം. ഡോക്ടറെ എത്ര പേർക്കറിയാം, ശ്രീനിവാസനാണെങ്കിൽ ലോകമലയാളികൾ മുഴുവൻ അറിയുന്ന ഒരാൾ. ഇത്രയും പ്രസിദ്ധനായ ഒരാൾ പറഞ്ഞാൽ അത് സത്യമാവാതിരിക്കില്ലല്ലോ.
രോഗി ക്യാൻസർ ചികിത്സ നിർത്തുകയോ തുടങ്ങാതിരിക്കുകയോ എന്തോ ചെയ്തു. കുറച്ചു ആഴ്ചകൾക്കു ശേഷം കുടൽ സ്തംഭനം വന്ന് അത്യാഹിതവിഭാഗത്തിലേക്ക് അയാളെ കൊണ്ടു വരുമ്പോൾ ഏർലി സ്റ്റേജ് ആയിരുന്ന കാൻസർ stage 3/4 ആയി കഴിഞ്ഞിരുന്നു. ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട, വായ്ക്കുള്ളിൽ കാൻസർ കണ്ടെത്തിയ മറ്റൊരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയാളുടെ ഭാര്യ തക്ക സമയത്തിനത് കണ്ടതിനാൽ മാത്രം അയാൾ രക്ഷപെട്ടു. വർഷങ്ങൾക്കിപ്പുറം ഇന്നുമയാൾ സന്തോഷത്തോടെ ജീവിക്കുന്നു, കാൻസറിന്റെ ചികിത്സ കൃത്യമായി ചെയ്തതുകൊണ്ടു മാത്രം. (ഇക്കാര്യങ്ങൾ മുമ്പ് രണ്ടുവട്ടം ഈ പേജിൽ എഴുതിയിരുന്നു, ശ്രീനിവാസൻ ജീവിച്ചിരുന്നപ്പോൾ.)
പറഞ്ഞു വന്നത് ഒരു രോഗിക്ക് ചികിത്സ വേണോ, എങ്കിൽ ഏത് ചികിത്സ വേണം എന്നൊക്കെ പറയാൻ കഴിയുന്നത് ആ രോഗിയെ നേരിൽ കണ്ട ഡോക്ടർക്ക് മാത്രമാണ്. മറ്റ് മേഖലയിൽ ഉള്ള പ്രശസ്തർ പ്രസംഗിക്കുമ്പോൾ പഞ്ചിന് പറയുന്ന രോഗത്തെയും ചികിത്സയെയും പറ്റിയുള്ള വിവരങ്ങൾ സാധാരണ മനുഷ്യരെ പലരീതിയിൽ തെറ്റിദ്ധരിപ്പിക്കാം. ആ തെറ്റിദ്ധാരണ ചിലപ്പോൾ അവർക്ക് വലിയ വിനയാകും.
ഞാനെപ്പോഴും ഇൻസിസ്റ്റ് ചെയ്യുന്നൊരു കാര്യമാണ് സെക്കൻഡ് ഒപീനിയൻ. ഒരു ഡോക്ടർ നിർദ്ദേശിക്കുന്ന ഒരു ചികിത്സയെ പറ്റി - പ്രത്യേകിച്ചും സർജറി വേണ്ടപ്പോൾ അല്ലെങ്കിൽ വലിയ ചെലവുള്ള ചികിത്സയാവുമ്പോൾ - എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഇനി സംശയം ഇല്ലെങ്കിൽ പോലും ഒരു സെക്കൻഡ് ഒപീനിയൻ എടുക്കുന്നത് തന്നെയാണ് നല്ലത്. പക്ഷെ ആ സെക്കൻഡ് ഒപീനിയൻ പറയേണ്ടത് മിനിമം ആദ്യ ഒപീനിയൻ പറഞ്ഞ ഡോക്ടറുടെ അത്രയെങ്കിലും ക്വാളിഫിക്കേഷൻ ഉള്ള ആളായിരിക്കണം. ഉദാഹരണത്തിന് ഭാര്യയുടെ ഗർഭപാത്രം മാറ്റണമെന്ന് ഒരു ഗൈനക്കോളജിസ്റ്റ് പറയുമ്പോൾ സുഹൃത്തായ ന്യൂറോസർജൻ അല്ല അത് വേണോ വേണ്ടേ എന്ന് പറയേണ്ടത്, മറ്റൊരു ഗൈനക്കോളജിസ്റ്റാണ്.
ഇനി ഏതെങ്കിലും ഡോക്ടർ നിരന്തരം അനാവശ്യമായി ചികിത്സകൾ നിർദ്ദേശിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് നിയമപരമായി നേരിടാൻ പറ്റും. കാരണം മോഡേൺ മെഡിസിനിൽ ചികിത്സ നിർദ്ദേശിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഗൈഡ്ലൈൻസ് അനുസരിച്ചാണ്. ഡോക്ടറുടെ മൂഡും ഊഹാപോഹങ്ങളും അനുസരിച്ചല്ല. അതുകൊണ്ട് ഗൈഡ്ലൈൻസ് ഫോളോ ചെയ്യുന്നുണ്ടോ, ഇല്ലെങ്കിൽ മറ്റെന്തെങ്കിലും ജസ്റ്റിഫിക്കേഷൻ ഉണ്ടോ എന്നൊക്കെ അറിവുള്ള ആർക്കും പരിശോധിക്കാം. അങ്ങനെ അല്ലെങ്കിൽ നിയമനടപടികൾക്ക് ശിപാർശ ചെയ്യാം. ഇതൊക്കെയാണ് ശരിയായ രീതി.
ജീവൻ രക്ഷാ ചികിത്സകളിൽ അപൂർവ്വമായി നടക്കുന്ന ചില ഉഡായിപ്പുകളെ (I dont know anything or anyone personally. പക്ഷെ ഉണ്ടാവും) പറ്റി പ്രശസ്തർ സംസാരിക്കുമ്പോൾ അതിനെ ജനറലൈസ് ചെയ്ത്, ഇതാണിവിടെയെല്ലാം നടക്കുന്നത് എന്ന് പറഞ്ഞാൽ, അത് രോഗികളെ കൺഫ്യൂസ്ഡാക്കുകയേ ഉള്ളൂ. ശ്രീനിവാസൻ സ്വന്തം രോഗത്തിന് ശരിയായ ശാസ്ത്രീയ ചികിത്സ തേടിയപ്പോൾ അദ്ദേഹത്തിൻ്റെ പ്രസംഗം കേട്ട എത്രപേർ അവർ പോലും അറിയാതെ മരണം തെരെഞ്ഞെടുത്തിരിക്കും! അതെന്തു തന്നെയായാലും ഇതിനൊക്കെ കൈയടിക്കുന്ന ഡോക്ടർമാരെ കാണുമ്പോൾ പണ്ട് വായിച്ച ഒരു കഥ ഓർമ്മവരും. കോടാലിക്ക് കൈ ഉണ്ടാക്കാൻ തൻ്റെ ചില്ല ദാനം ചെയ്ത മരത്തിൻ്റെ കഥ'.


Click it and Unblock the Notifications
