കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വിപി ഗംഗാധരന് വധഭീഷണിക്കത്ത്; ബിറ്റ്‌കോയിനായി എട്ടു ലക്ഷം വേണമെന്ന് കത്തില്‍
കൊച്ചി: ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ഏറെ പ്രശസ്തനായ ഡോ. വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. മെയ് 17നാണ് വധഭീഷണി ലഭിച്ചത്. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് മരട് പൊലീസില്‍ ഡോ. ഗംഗാധരന്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മുംബൈയിലെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബാഗങ്ങളുടെയും ജീവന് ഭീഷണി ഉണ്ടാകുമെന്ന മുന്നറിയിപ്പും കത്തില്‍ നല്‍കിയിട്ടുണ്ട്. ബ്ലഡ് മണിയായി പണം ആവശ്യപ്പെടാനുള്ള കാരണവും കത്തില്‍ എഴുതിയിട്ടുണ്ട്.

ഡോ. ഗംഗാധരന്റെ ചികിത്സയിലുണ്ടായ പിഴവിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി മരിക്കുകയും തുടര്‍ന്ന് മനോവിഷമത്താല്‍ കുട്ടിയുടെ അമ്മയും ആത്മഹത്യ ചെയ്തുവെന്നാണ് കത്തില്‍ ആരോപിക്കുന്നത്. കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് കത്തയച്ചതെന്നും കത്തില്‍ അവകാശപ്പെടുന്നു. പണം കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് വഴിയോ ക്യു ആര്‍ കോഡ് വഴിയോ ബിറ്റ്‌കോയിന്‍ ആയി മാറ്റി അയച്ചു നല്‍കണമെന്നാണ് ആവശ്യം.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തപാല്‍ വകുപ്പിനെ ബന്ധപ്പെട്ടിരുന്നു. കത്തയച്ച പോസ്റ്റ് ഓഫീസ് ഏതാണെന്ന് കണ്ടെത്താന്‍ തപാല്‍ വകുപ്പും അന്വേഷണം തുടങ്ങി. കത്തിലുള്ള ക്യു ആര്‍ കോഡ് സൈബര്‍ സെല്‍ വഴി കണ്ടെത്താനുള്ള നീക്കം തുടങ്ങി.
ഡോക്ടറുടെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍, വധഭീഷണി, പണം തട്ടിയെടുക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തപാല്‍ വകുപ്പിന്റെയും സൈബര്‍ സെല്ലിന്റെയും സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ക്യാന്‍സര്‍ ചികിത്സ രംഗത്തെ ജനകീയനായ ഡോക്ടര്‍ എന്നാണ് ഡോ. ഗംഗാധരന്‍ അറിയപ്പെടുന്നത്. നടന്‍ ഇന്നസെന്റ് അടക്കമുള്ള നിരവധി പ്രമുഖരും സാധാരണക്കാരും അദ്ദേഹത്തിന്റെ കീഴില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ ചികിത്സാ മേഖലയില്‍ നിലനിന്നിരുന്ന നിരവധി അന്ധവിശ്വാസങ്ങള്‍ നീക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications