കണ്ണൂരിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കത്തിച്ചാമ്പലായി; കാർ യാത്രികൻ വെന്തുമരിച്ചു, ആകെ രണ്ട് മരണം
അപകടത്തിൽപ്പെട്ട കാറിടിച്ചാണ് രണ്ടാമത്തെയാൾ മരണപ്പെട്ടത്.
കണ്ണൂർ: പയ്യാവൂരിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ചന്ദനക്കാംപാറ വെട്ടത്ത് ജോണിയുടെ മകൻ റിജിൽ(18), കുരുവിലങ്ങാട്ട് ജോയിയുടെ മകൻ അനൂപ്(19) എന്നിവരാണ് മരിച്ചത്. ശ്രീകണ്ഠപുരത്തിന് സമീപം ചന്ദക്കമ്പാറ ചതുംരപുഴയിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിലും പിന്നീട് വൈദ്യുതി പോസ്റ്റിലും ഇടിച്ച് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. വൈദ്യുതി പോസ്റ്റിൽ ഇടിച്ചതിന് പിന്നാലെ കാറിന് തീപിടിക്കുകയും രണ്ട് കഷ്ണമാവുകയും ചെയ്തു. വൈദ്യുതി ലൈൻ പൊട്ടി കാറിന് മുകളിലേക്ക് വീണതാണ് തീപിടിക്കാൻ കാരണമായത്.

കാറിനകത്ത് കുടുങ്ങിയ അനൂപ് വെന്തുമരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിജിൽ പരിയാരം മെഡിക്കൽ കോളേജിലേക്കുള്ള വഴിമദ്ധ്യേയാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മച്ചിക്കാട്ട തോമസിന്റെ മകൻ അഖിൽ(19), വരമ്പകത്ത് ഷാജുവിന്റെ മകൻ സിൽജോ(18) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളായ നാല് വിദ്യാർത്ഥികളും പള്ളിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അഖിലായിരുന്നു കാർ ഓടിച്ചിരുന്നത്.













Click it and Unblock the Notifications