കൊച്ചി മെട്രോയിലെ ശുചിമുറികൾ അടച്ചിടുമെന്ന്! പ്രധാന കാരണക്കാർ സ്ത്രീകൾ, ക്ലോസറ്റുകളും നശിപ്പിച്ചു...
സാനിറ്ററി നാപ്കിനുകളും പാഡുകളും ശുചിമുറികളിലും ക്ലോസറ്റുകളിലും ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
കൊച്ചി: മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികൾ അടച്ചിട്ടേക്കുമെന്ന് കൊച്ചി മെട്രോ അധികൃതർ. യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി തുറന്നു കൊടുത്ത ശുചിമുറികളാണ് ജനങ്ങളുടെ അശ്രദ്ധമായ ഉപയോഗം കാരണം അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.
ശുചിമുറികൾ ഉപയോഗിക്കുന്നവർ അശ്രദ്ധമായി ഉപയോഗിക്കുന്നതും, വൃത്തിഹീനമാക്കുന്നതുമാണ് മെട്രോ ജീവനക്കാരെ കുഴക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ആറ് ശുചിമുറികളിലെ ക്ലോസറ്റുകൾക്കാണ് കേടുപാട് സംഭവിച്ചത്. കൂടാതെ, സ്ത്രീകൾ സാനിറ്ററി നാപ്കിനുകളും പാഡുകളും ശുചിമുറികളിലെ ക്ലോസറ്റുകളിൽ ഉപേക്ഷിക്കുന്നതും ശുചിമുറികളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ എല്ലാ സ്റ്റേഷനുകളിലെയും ശുചിമുറികൾ അടച്ചിട്ടേക്കുമെന്നാണ് മെട്രോ അധികൃതർ സൂചന നൽകിയിരിക്കുന്നത്.

മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികൾ....
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികളുടെ പരിപാലനമാണ് ഇപ്പോൾ കെഎംആർഎല്ലിന് തലവേദനയായിരിക്കുന്നത്. ഉപയോഗിക്കുന്നവരുടെ അശ്രദ്ധയാണ് ശുചിമുറികളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

പൊതുജനങ്ങൾക്കും ഉപയോഗിക്കാം...
പാലാരിവട്ടം, ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്ക്, എന്നീ മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റെടുത്ത യാത്രക്കാർക്ക് മാത്രമാണ് ശുചിമുറികൾ ഉപയോഗിക്കാനുള്ള സൗകര്യമുള്ളത്. എന്നാൽ മറ്റ് എട്ട് മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്കും ഉപയോഗിക്കാനായി തുറന്നുകൊടുത്തിട്ടുണ്ട്.

എല്ലാം വിനയായി....
നഗരത്തിൽ പൊതു ശുചിമുറികൾ കുറവാണെന്നതിനാലാണ് മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ കൊച്ചി മെട്രോ തീരുമാനിച്ചത്. എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലെടുത്ത തീരുമാനം ഇപ്പോൾ വിനയായി മാറിയിരിക്കുകയാണ്.

സാനിറ്ററി നാപ്കിനുകളും പാഡുകളും....
സാനിറ്ററി നാപ്കിനുകളും പാഡുകളും ശുചിമുറികളിലും ക്ലോസറ്റുകളിലും ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

ക്ലോസറ്റ് സീറ്റുകൾ നശിപ്പിക്കുന്നു...
സാനിറ്ററി നാപ്കിനുകൾ ക്ലോസറ്റിൽ ഉപേക്ഷിക്കുന്നത് കാരണം ഒരാഴ്ചയ്ക്കിടെ പല തവണയാണ് പൈപ്പിലെ ഒഴുക്ക് തടസപ്പെട്ടത്. ഇതുകൂടാതെ ക്ലോസറ്റ് സീറ്റുകൾ നശിപ്പിച്ചത് കാരണം പലതും മാറ്റിവെയ്ക്കേണ്ടിയും വന്നു.

ബോധവത്ക്കരണം...
മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നവർക്ക് മെട്രോ ജീവനക്കാർ ബോധവത്ക്കരണം നൽകുന്നുണ്ട്. ജനങ്ങളെ ബോധവത്ക്കരിച്ചിട്ടും പ്രശ്നത്തിന് പരിഹാരമില്ലെന്നാണ് അധികൃതർ പറയുന്നത്.

ശുചിമുറികൾ അടച്ചിട്ടേക്കും...
യാത്രക്കാരുടെ അശ്രദ്ധമായ ഉപയോഗം കാരണം മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികൾ ഒരുപക്ഷേ അടച്ചിട്ടേക്കുമെന്നും അധികൃതർ പറയുന്നു. ചെറിയ ദൂരമായതിനാൽ മെട്രോ സ്റ്റേഷനുകളിൽ ശുചിമുറികൾ വേണമെന്ന് നിർബന്ധമില്ല. ശുചിമുറികളുടെ ഉപയോഗം തൽസ്ഥിതിയിൽ തുടരുകയാണെങ്കിൽ ഇവ അടച്ചിടുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് അധികൃതർ പറയുന്നത്.












Click it and Unblock the Notifications