15കാരനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതിന് കുമ്പഡാജെ സ്വദേശിക്കെതിരെ കേസ്
ബദിയടുക്ക: സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 15 കാരനെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിക്കുകും സ്ഥിരമായി മദ്യം വാങ്ങാന്‍ ബീവറേജിലേക്ക് പറഞ്ഞുവിടുകയും ചെയ്തുവെന്ന പരാതിയില്‍ കുമ്പഡാജെ സ്വദേശിക്കെതിരെ കേസ്. കുമ്പഡാജെ ഒടമ്പളയിലെ കേശവ എന്നയാള്‍ക്കെതിരെയാണ് കേസ്.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരനെ നിര്‍ബന്ധിപ്പിച്ച് പലപ്രാവശ്യം മദ്യം കുടിപ്പിക്കുകയും ബീവറേജിലേക്ക് മദ്യം വാങ്ങാന്‍ അയക്കുകയും മറ്റൊരാള്‍ക്ക് സ്ഥിരമായി മദ്യം എത്തിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടിയില്‍ സ്വഭാവദൂഷ്യം ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ പ്രദേശത്തെ സ്‌കൂളില്‍ നിന്ന് മാറ്റി കര്‍ണാടക കല്ലടുക്കയിലെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ അവധിയില്‍ നാട്ടിലെത്തിയ വിദ്യാര്‍ത്ഥി വീണ്ടും കേശവക്കൊപ്പം കൂടി. ഇതോടെ രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥിയെ പരവനടുക്കം ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ കുട്ടി സ്വഭാവദൂഷ്യം കാട്ടുന്നതായി ജുവനൈല്‍ ഹോം അധികൃതര്‍ ബദിയടുക്ക പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബദിയടുക്ക പൊലീസ് വിദ്യാര്‍ത്ഥിയില്‍ നിന്ന് മൊഴിയെടുത്തു. ഇതിനിടെയാണ് കുട്ടിയെ കേശവ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതായി പുറത്തുവന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേശവക്കെതിരെ കേസെടുത്തത്. പൊലീസ് അന്വേഷിച്ചുവരുന്നു.












Click it and Unblock the Notifications