വിദ്യാര്‍ത്ഥിയെ ഗുണ്ടകളെ വിട്ട് തലതല്ലിപ്പൊട്ടിച്ച ലക്ഷ്മി നായര്‍? വെറുതേയല്ല, ഈ എഫ്‌ഐആര്‍ കാണണം
2005 ല്‍ അക്കാദമിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയെ ഗുണ്ടകള്‍ മര്‍ദ്ദിച്ചത് സംബന്ധിച്ച കേസില്‍ ആയിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്
തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും ഉന്നയിക്കുന്നത്. അതിലൊക്കെ എത്രമാത്രം സത്യമുണ്ട് എന്ന കാര്യം തെളിയിക്കപ്പെടേണ്ടതാണ്.
എന്നാല്‍ ലക്ഷ്മി നായര്‍ക്കെതിരെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എഫ്‌ഐആര്‍ ഉണ്ട്. വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലക്ഷ്മി നായര്‍ ഒന്നാം പ്രതിയാണ്.
ലോ അക്കാദമിയില്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികള്‍ തന്നെ ആയിരുന്നു അന്ന് പരാതിക്കാര്‍. അന്ന് ലക്ഷ്മി നായര്‍ അക്കാദമിയുടെ പ്രിന്‍സിപ്പാളൊന്നും ആയിരുന്നില്ല എന്ന് കൂടി ഓര്‍ക്കണം. ഞെട്ടിപ്പിക്കുന്ന ആ സംഭവം ഇങ്ങനെ ആയിരുന്നു....

12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആ സംഭവം നടക്കുന്നത്. മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായ വിഷയം. ലോ അക്കാദമിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കിംസ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്ന സംഭവം.

ലോ അക്കാദമി ക്യാമ്പസ്സിനെ കാന്റീന് മുന്‍വശത്തുള്ള റോഡില്‍ വച്ച് രണ്ട് വിദ്യാര്‍ത്ഥികളെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നായിരുന്നു പരാതി. 2005 സെപ്തംബര്‍ 20 ന് വൈകീട്ട് എട്ട് മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

'നീയൊക്കെ കോളേജിലെ ദാദമാരാടാ, ലക്ഷ്മി മാഡം പറഞ്ഞാല്‍ അനുസരിക്കില്ല' എന്ന് ചോദിച്ചായിരുന്നു നാല് പേര്‍ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് പരാതിയില്‍ പറയുന്നത്. അക്കാദമിയിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അനീഷ് ആയിരുന്നു ഈ കേസിലെ പരാതിക്കാരന്‍.

ആദ്യം അനീഷിന്റെ സുഹൃത്തായ പ്രദീപിനെ ആണ് മര്‍ദ്ദിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് അനീഷിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു. തല മുറിഞ്ഞു. ഭാഗ്യം കൊണ്ടാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്.

അനീഷിനേയും പ്രദീപിനേയും മര്‍ദ്ദിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ തടയാന്‍ ചെന്നു. ഈ സമയം ഗുണ്ടകള്‍ വാളെടുത്ത് കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അന്ന് പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് അന്ന് ലക്ഷ്മി നായര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 308, 323, 324 തുടങ്ങിയ വകുപ്പുകളാണ് ഉണ്ടായിരുന്നത്. കേസില്‍ ലക്ഷ്മി നായര്‍ ആയിരുന്നു ഒന്നാം പ്രതി. കണ്ടാലറിയുന്ന നാല് പേര്‍ മറ്റ് പ്രതികളും.

ലക്ഷ്മി നായര്‍ക്ക് തന്നോടുള്ള മുന്‍ വൈരാഗ്യം മൂലമാണ് ആക്രമണം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ദേഹോപദ്രവം ഏല്‍പിക്കുക എന്ന ഉദ്ദേശത്തോടെയാണ് നാല് പേരെ അതിന് പ്രേരിപ്പിച്ചതെന്നും പറയുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്..

ഈ ആക്രമണത്തെ തുടര്‍ന്ന് രാഷ്ട്രീയ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ സംഘടിക്കുകയായിരുന്നു. അതി ശക്തമായ സമരവും അരങ്ങേറി. ആ സമരത്തില്‍ വിജയം വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു.

വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ലക്ഷ്മി നായരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ലക്ഷ്മി നായരുടെ പിതാവ് കോയിലക്കോട് നാരായണന്‍ നായര്‍ ഉള്ള സമയത്തായിരുന്നു ഇതെല്ലാം സംഭവിച്ചത്.

ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ത്ഥികളുടെ ചര്‍ച്ചകളും തന്നെ കുറിച്ചുള്ള അഭിപ്രായങ്ങളും ശേഖരിക്കാന്‍ വിദ്യാര്‍ത്ഥികളില്‍ തന്നെ ഒരു വിഭാഗത്തെ ലക്ഷ്മി നായര്‍ ഉപയോഗിച്ചിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. അത്തരം ചില വിഷയങ്ങളായിരുന്നു അനീഷിന് നേര്‍ക്കുണ്ടായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് അന്നത്തെ വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നത്.












Click it and Unblock the Notifications