'മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടന്മാർക്കെതിരെയുള്ള പരാതികൾ പിൻവലിക്കില്ല'; തീരുമാനം തിരുത്തി നടി
കൊച്ചി: മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടന്മാർക്കെതിരെയുള്ള പരാതികൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ആലുവ സ്വദേശിയായ നടി. കേസുമായി മുന്നോട്ട് പോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം. വെള്ളിയാഴ്ചയായിരുന്നു കേസുകൾ പിൻവലിക്കുമെന്ന് നടി പറഞ്ഞത്.
ബന്ധുവായ യുവതി നൽകിയ പോക്സോ കേസിൽ പോലീസ് സഹായിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കേസിൽ നിന്ന് പിന്മാറാനുള്ള പ്രഖ്യാപനം എന്നും എന്നാൽ പ്രതികരണം വൈകാരികമായിരുന്നുവെന്നും കേസുമായി മുന്നോട്ട് പോകാൻ ഭർത്താവ് ഉൾപ്പെടെ ആവശ്യപ്പെട്ടെന്നും നടി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ പരാതി നൽകിയത്. പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത പ്രത്യേക അന്വേഷണ സംഘം നടിയുടെ രഹസ്യ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് പരാതി പിൻവലിക്കുന്നുവെന്ന് നടി പറഞ്ഞത്.
പ്രായപൂർത്തിയാവാത്ത ബന്ധുവായ പെൺകുട്ടിയെ ചെന്നൈയിൽ കൊണ്ടുപോയി പലർക്കും കൈമാറി എന്ന പരാതിയിൽ നടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹ നന്മയ്ക്ക് വേണ്ടി മുന്നോട്ട് വന്ന തന്നെ പോലീസും സർക്കാരും സഹായിച്ചില്ലെന്നും നിരപരാധിയായ തനിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നെന്നും നടി പറഞ്ഞിരുന്നു.
പീഡന പരാതി നൽകിയതിന് പിന്നാലെ താൻ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ് ഉണ്ടായതെന്നും ഒറ്റായാൾ പോരാട്ടം തന്നെയാണ് നടത്തിയതെന്നും നടി പറഞ്ഞിരുന്നു. ഇതിന്റെ ഇടയിലാണ് പോക്സോ കേസ് കൂടി വന്നത്, തന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ട് തെറ്റുകാരിയായി ചിത്രീകരിക്കുകയാണ് ചെയ്തത്. കൃത്യമായി അന്വേഷണം നടത്തുകയോ തന്നോട് പരാതിയെ പറ്റി അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞ നടി നടന്മാർക്കെതിരെ പീഡന പരാതി നൽകിയത് കൊണ്ട് മാത്രമുണ്ടായതാണ് ഈ പരാതിയെന്നും പറയുന്നു.
തന്റെ ഒറ്റയാൾ പോരാട്ടത്തിൽ തന്നോടൊപ്പം ആരുമില്ലെന്ന് തോന്നിയത് കൊണ്ടാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചത്. കുടുംബത്തോട് പോലും ചോദിക്കാതെയാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും ഭർത്താവ് ഉൾപ്പെടെ എല്ലാ പിന്തുണയും തന്നിരുന്നു. കേസുമായി മുന്നോട്ട് പോകണമെന്നും അന്വേഷണം അതിന്റേതായ വഴിക്ക് നടക്കട്ടേയെന്നും കുടുംബം അടക്കം പറഞ്ഞത് കൊണ്ടാണ് പരാതി പിൻവലിക്കാനുള്ള തീരുമാനം മാറ്റുന്നത് നടി പറഞ്ഞു.












Click it and Unblock the Notifications