ശബരിമല വിഷയത്തില്‍ കലാപത്തിന് ആഹ്വാനം.... രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് കോടതി
ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടിയെടുക്കണമെന്ന് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാണ് കോടതിയുടെ ഉത്തരവ്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് പരാതി. ആലപ്പുഴയിലെ പൊതുപ്രവര്‍ത്തകനായ സുഭാഷ്എം തീക്കാടനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 30നും ഈ മാസം ഏഴിനും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത രാഹുല്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം ഹര്‍ജി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് ആര്‍ രജിത അന്വേഷണം നടത്താന്‍ ആലപ്പുഴ സൗത്ത് പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഐപിസി 153ാം വകുപ്പ് പ്രകാരം കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിനാണ് കേസ്. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് തന്റെ നെഞ്ചില്‍ ചവിട്ടി മാത്രമേ സാധ്യമാകുവെന്നും സംസ്ഥാനം മുഴുവന്‍ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞതും കലാപം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. നേരത്തെ ഡിജിപിക്കും സുഭാഷ് പരാതി നല്‍കിയിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. അദ്ദേഹത്തിനുള്ള കനത്ത തിരിച്ചടിയാണ് ഇത്.












Click it and Unblock the Notifications