വ്യാജരേഖ: വിദ്യക്കെതിരെ കേസെടുത്തു, ചുമത്തിയത് ജാമ്യമില്ലാക്കുറ്റം..; അറസ്റ്റിന് സാധ്യത
കൊച്ചി: ഗസ്റ്റ് ലക്ചററാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കാസര്‍കോട് സ്വദേശിനി കെ വിദ്യക്കെതിരെ കേസെടുത്തു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്.
കുറ്റകൃത്യം നടന്നത് തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അല്ലാത്തതിനാല്‍ അട്ടപ്പാടി, കാസര്‍കോട് എന്നിവിടങ്ങളിലേ സ്റ്റേഷനുകളിലേക്ക് അന്വേഷണം കൈമാറും എന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പുകള്‍ ആണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതിലുള്ളത്. വ്യാജരേഖ ചമയ്ക്കല്‍ ഗുരുതരമായ കുറ്റമാണെന്നതിനാല്‍ വിദ്യയെ അറസ്റ്റ് ചെയ്തേക്കും എന്നാണ് വിവരം.

Image Credit: Facebook@വിദ്യ വിജയൻ
അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ അഭിമുഖത്തിന് എത്തിയപ്പോഴായിരുന്നു വിദ്യ വ്യാജരേഖ സമര്‍പ്പിച്ചത്. മഹാരാജാസ് കോളേജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖയാണ് വിദ്യ സമര്‍പ്പിച്ചത്. എന്നാല്‍ രേഖയില്‍ സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജിനെ വിവരം അറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തായത്. വിദ്യ, മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയാണ്.
മഹാരാജാസ് കോളജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഹാജരാക്കിയത്. വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലെ കോളേജിന്റെ ലോഗോ, സീല്‍ എന്നിവയെല്ലാം വ്യാജമാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ജോയി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തിലേക്കായി ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിദ്യ കാസര്‍കോട് കോളജിലും പാലക്കാട്ടെ ഒരു കോളേജിലും ഇതേ രഖകള്‍ കാണിച്ച് ജോലി ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്ന ദിവ്യ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ അടുത്ത സുഹൃത്താണ് എന്ന ആരോപണവുമായി എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് രംഗത്തെത്തി. ആര്‍ഷോയുമായുള്ള ബന്ധം ഉപയോഗിച്ചാണ് വ്യാജരേഖ ചമച്ചത് എന്നാണ് ഷിയാസ് ആരോപിക്കുന്നത്.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയാണ് വിദ്യ. പയ്യന്നൂര്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ വിദ്യ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് മഹാരാജാസ് കോളേജില്‍ എത്തുന്നത്. സജീവ എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു ഇവര്‍. പയ്യന്നൂര്‍ കോളേജിലും മഹാരാജാസ് കോളേജിലും കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications