അർജുന്റെ കുഞ്ഞിനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു: യൂട്യൂബ് ചാനലിനെതിരെ കേസ്
കോഴിക്കോട്: ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വീട്ടിലെത്തി ചെറിയ കുഞ്ഞിന്റെ വീഡിയോ ചിത്രീകരിച്ച മഴവില്‍ കേരള യൂട്യൂബ് ചാനലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുഞ്ഞിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ചാനല്‍ നടത്തിയിരിക്കുന്നത് എന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അറിയിച്ചു.
ഇത് മാധ്യമ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല. ദുരന്തത്തില്‍ തകര്‍ന്നു നില്‍ക്കുന്ന കുടുംബത്തിന് ആശ്വാസം പകരുന്നതിന് പകരം മാധ്യമപ്രവര്‍ത്തക ആവര്‍ത്തിച്ച് കുഞ്ഞിനോട് അച്ഛനെ കുറിച്ച് ചോദിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, യൂട്യൂബ് ചാനല്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

അർജുന്റെ കുടുംബത്തിന് നേരെയുള്ള ഹീനമായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അർജുന്റെ കുടുംബത്തിന് എതിരായ സൈബർ ആക്രമണം വളരെ ഗൗരവമുള്ളതാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത്. ഇങ്ങനെയും ആളുകൾ ഉണ്ടോ എന്ന് ചിന്തിച്ചുപോകുന്നു. മനുഷ്യപ്പറ്റില്ലാത്ത രീതിയിലുള്ള നടപടിയാണിത്. സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കർശനമായും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
അർജുന്റെ ബന്ധുക്കളും എഡിറ്റ് ചെയ്തു അപകീർത്തികരമായ രീതിയിൽ അവതരിപ്പിക്കുന്ന സൈബർ പ്രചാരണത്തിന്റെ വിവരങ്ങൾ മന്ത്രിയെ നേരിൽ ധരിപ്പിച്ചിരുന്നു. ഷിരൂരിൽ നടക്കുന്ന തെരച്ചിൽ ലക്ഷ്യം കാണും വരെ തുടരേണ്ടതുണ്ടെന്നും ആ നിലയ്ക്കാണ് സംസ്ഥാന സർക്കാർ കർണാടക സർക്കാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി അന്ന് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. തിരച്ചില്‍ ഇന്നും തുടരണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേരളം. കര്‍ണാടകയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. മണ്ണ് നീക്കാനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഡ്രഡ്ജര്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
നിലവിലെ സാഹചര്യത്തില്‍ ഒരു കാരണവശാലും തെരച്ചില്‍ നിര്‍ത്തരുതെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഷിരൂരിലെ രക്ഷാദൗത്യം നിര്‍ത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications