
ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് പേർ അറസ്റ്റിൽ; പ്രതികളുടെ അറസ്റ്റ് കേസ് വിവാദമായതോടെ
തിരുവനന്തപുരം: സ്റ്റാച്യു ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടുംബത്തേയും ആക്രമിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ സ്വദേശി രാകേഷ്, മെഡിക്കല്‍ കോളേജ് സ്വദേശി ഷിബു, നെടുമങ്ങാട് സ്വദേശി അഭിജിത്ത്, പേട്ട സ്വദേശി പ്രവീണ്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കൊലപാതക ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് നാല് പ്രതികൾക്കെതിരെയും കേസെടുത്തിട്ടുള്ളത്. സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ അവസരമൊരുക്കുകയാണ് പൊലീസിൻ്റെ ഉത്തരവാദിത്തമെന്ന് ഐജിയും സിറ്റി പൊലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു.
"നമുക്കൊരുക്കാം അവർ പഠിക്കട്ടെ'; SFI പഠന വണ്ടി യാത്ര തുടങ്ങി- ചിത്രങ്ങൾ
പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും.രാകേഷും പ്രവീണുമാണ് ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ശല്യചെയ്യുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തത്. മറ്റു രണ്ടുപേര്‍ ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരാണെന്നും ബൽറാം കുമാർ ഉപാധ്യായ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതികൾ മയക്കുമരുന്നിന് അടിമകളാണ്. സംഭവം നടന്ന ദിവസവും രാകേഷും പ്രവീണും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഒന്നാംപ്രതി രാകേഷിനെ സംഭവം നടന്ന സ്ഥലത്തും വീട്ടിലെത്തുമെത്തിച്ച് പൊലീസ് വിശദമായി തെളിവെടുത്തു. ഇയാളുടെ പക്കൽ നിന്ന് ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. പേട്ടയ്ക്കടുത്ത് അമ്പലമുക്കിൽ വച്ചാണ് ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുടുംബം ആക്രമിക്കപ്പെട്ടത്.രാത്രി എട്ടരയോടെ വീടിന് മുന്നിലെ റോഡിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ സ്ത്രീകളെ കടന്നുപിടിക്കുകയായിരുന്നു.

ഇത് തടഞ്ഞ ഇവർക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാർക്കെതിരെയാണ് പ്രതികൾ ആക്രമണം അഴിച്ചു വിട്ടത്.പ്രതികളിലൊരാൾ തൻ്റെ പക്കലുണ്ടായിരുന്ന കത്തി വീശി ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.കൈയ്ക്കും കാലിനും പരിക്കേറ്റ ഇവർ വീട്ടിലേക്ക് മടങ്ങിയെങ്കിലും അവിടെയുമെത്തി പ്രതികൾ ഭീഷണിപ്പെടുത്തി.
നഗരമധ്യത്തിൽ നടന്ന അക്രമത്തിലെ പ്രതികളെ പൊലീസ് പിടികൂടാത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.അക്രമത്തിന് തൊട്ടുപിന്നാലെ വഞ്ചിയൂര്‍ പൊലീസിനെ സംഭവം അറിയിച്ചിരുന്നെങ്കിലും അന്നേദിവസം കേസെടുത്തിരുന്നില്ല.
വിജയ്- സംഗീത സൗഹൃദം വിവാഹത്തിലേക്ക് എത്തിയത് ഇങ്ങനെ
തുടർന്ന്, പിറ്റേദിവസം ഉച്ചയ്ക്ക് പേട്ട പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. അക്രമം നടന്ന ദിവസം പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയാത്തത് പ്രതികൾക്കും എളുപ്പമായി. ഇതോടെ ഇവർ ഒളിവിൽ പോയി.പിന്നീട് വിവാദമായപ്പോഴാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാംപ്രതി രാകേഷ് നിരവധി കേസുകളിലെ പ്രതിയാണ്. എന്നാൽ രാകേഷിൻ്റെ പേരിൽ പുതിയ കേസുകൾ നിലവിലില്ലെന്ന് പൊലീസ് പറയുന്നു.മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് രണ്ടു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ രാകേഷ് 2019 ലാണ് ജയില്‍ മോചിതനാവുന്നത്.
പ്രതി രാകേഷ് മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അല്പം വൈകിയാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തതിന് അക്രമത്തിനിരയായവരുടെ കുടുംബം പൊലീസിന് നന്ദി രേഖപ്പെടുത്തി. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു.