ട്രംപിനെ അറസ്റ്റ് ചെയ്യുമോ: അശ്ലീലച്ചിത്ര താരത്തിന് പണം നല്‍കിയ കേസില്‍ കുരുക്കിലേക്ക്
അശ്ലീല ചിത്രങ്ങളിലെ താരം സ്റ്റോമി ഡാനിയൽസ് ഡൊണാള്‍ഡ് ട്രംപിനെതിരായി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.

ന്യൂയോർക്ക്: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പോൺ താരം സ്റ്റോമി ഡാനിയൽസിന് രഹസ്യമായി പണം നൽകിയെന്ന കേസില്‍ ട്രംപിനെ ജൈ ബൈഡന്‍ ഭരണകൂടം നടപടി സ്വീകരിക്കാന്‍ പോവുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. തനിക്കെതിരെ കുറ്റം ചുമത്തിയാൽ പ്രതിഷേധമായി ജനകീയ പ്രകടനം നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് രംഗത്ത് വന്നിട്ടുണ്ട്.
2016 ൽ പോൺ നടി സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിന് മുൻ പ്രസിഡന്റിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് കുറ്റം ചുമത്തിയതിനെ തുടർന്ന് ട്രംപ് അനുകൂലികൾ തിങ്കളാഴ്ച ന്യൂയോർക്കിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമർപ്പിച്ചാൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യത്തെ മുൻ അല്ലെങ്കിൽ സിറ്റിംഗ് പ്രസിഡന്റായി ട്രംപ് മാറും. 2024-ലെ തിരഞ്ഞെടുപ്പില്‍ അധികാരം തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന ട്രംപിന് ഇത് വലിയ തിരിച്ചടിയായി മാറുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബൈഡൻ ഭരണകൂടവും മാൻഹട്ടൺ ജില്ലാ അറ്റോർണി ആൽവിൻ ബ്രാഗും ഈ കേസിൽ ഒത്തുകളിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റായ ബ്രാഗ്, കുറ്റം ചുമത്താനുള്ള നീക്കങ്ങളെക്കുറിച്ചൊന്നും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രധാന സാക്ഷികളെ അടുത്ത ആഴ്ചകളിൽ ഒരു ഗ്രാൻഡ് ജൂറിക്ക് മുന്നിൽ നിർത്തി ട്രംപിനെതിരെ മൊഴി നൽകാനുള്ള അവസരം നൽകിക്കൊണ്ട് പ്രോസിക്യൂട്ടർമാർ ഒരു തീരുമാനത്തിലേക്ക് അടുക്കുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
"പ്രതിഷേധിക്കുക, നമ്മുടെ രാജ്യത്തെ തിരികെ പിടിക്കുക!"-എന്നാണ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയത്. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് വിവിധ നഗരങ്ങളില്‍ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഡസനിലധികം മുതിർന്ന ഉദ്യോഗസ്ഥർ ഞായറാഴ്ച സിറ്റി മേയർ എറിക് ആഡംസിന്റെ സുരക്ഷാ സഹായികളുമായി കൂടിക്കാഴ്ച നടത്തുകയും ഏതെങ്കിലും പ്രതിഷേധങ്ങൾക്കുള്ള സാഹചര്യം ഉണ്ടായാല്‍ സുരക്ഷയെക്കുറിച്ച് അവലോകനം ചെയ്തുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അശ്ലീല ചിത്രങ്ങളിലെ താരം സ്റ്റോമി ഡാനിയൽസ് ട്രംപിനെതിരായി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. 2016 ലെ തിരഞ്ഞെടുപ്പ് സമയത്ത് ട്രംപ് നേരിട്ട ഏറ്റവും വലിയ ആരോപണവും ഇതായിരുന്നു. എന്നാല്‍ ഈ ആരോപണം പിന്‍വലിക്കാനായി ട്രംപ് 13,0000 ഡോളര്‍ നടിക്ക് നൽകിയതെന്നാണ് ആരോപണം. സമാനമായ തരത്തിലുള്ള പല ആരോപണങ്ങളും പ്രസിഡന്റിനെതിരെ ഉയർന്ന് വന്നിട്ടുണ്ട്.












Click it and Unblock the Notifications