ബന്ധു നിയമനം: ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസ്, ലോകായുക്ത വിധിയില്‍ പ്രതികരിച്ച് കെടി ജലീല്‍
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പുറത്തുവന്ന ലോകായുക്ത വിധിയില്‍ പ്രതികരിച്ച് മന്ത്രി കെ ടി ജലീല്‍ രംഗത്ത്. ഹൈക്കോടതിയും മുന്‍ കേരള ഗവര്‍ണറും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ പി സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീല്‍ പറഞ്ഞു. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെടി അദീബിനെ മന്ത്രി കെടി ജലീല്‍ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമാണ് ലോകായുക്ത പുറപ്പെടുവിച്ച വിധിയില്‍ പറയുന്നത്. ലോകായുക്ത ആക്ട് 12 (3) അനുസരിച്ചുള്ള റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ്, ഉപ ലോകായുക്ത ഹരുണ്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കേസിലെ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും വിധി പ്രഖ്യാപനം ഏപ്രില്‍ ആറിന് ശേഷമേ നടത്താന്‍ പാടുള്ളൂവെന്ന് ജലീലിന്റെ അഭിഭാഷകന്‍ വിചാരണവേളയില്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിധി പുറത്തുവന്നതിന് പിന്നാലെ ജലീലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കല്‍ രംഗത്തെത്തി. ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി കെടി ജലീലിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി ജലീല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗം കാട്ടിയ മന്ത്രി നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയെന്ന് ലോകായുക്ത വിധിയിലൂടെ തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധുനിയമനത്തില്‍ തെറ്റുകാരനാണെന്ന ലോകായുക്തയുടെ കണ്ടെത്തല്‍ ഗൗരവതരമാണെന്ന് കെ.സുരേന്ദ്രനും പറഞ്ഞു. ജലീലിനെ ഉടന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications