പോറ്റിയേ.... കേറ്റിയേ.... ഗാനത്തില്‍ സര്‍ക്കാരിന് വെളിപാട്; കേസുകള്‍ പിന്‍വലിക്കും; മെറ്റയ്ക്ക് കത്തയക്കില്ല
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഒട്ടേറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായ പോറ്റിയേ...കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്ത നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിക്കുന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കും. തുടര്‍ നീക്കങ്ങള്‍ മരവിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് എഡിജിപി നിര്‍ദേശം നല്‍കി. പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തി എന്ന കേസാണ് ചുമത്തിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പാരഡി ഗാനത്തിനെതിരെ അസാധാരണമായ നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നും ഉണ്ടായത്. ഇടതുപക്ഷത്തെ സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിക്ക് കാരണമായ ഒരു ഒരു ഘടകം ഈ ഗാനമാണെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പോറ്റിയേ... കേറ്റിയേ എന്ന ഗാനം വലിയ തോതില്‍ വൈറലാവുകയും എതിരാളികള്‍ ആഘോഷിക്കുകയും പിന്നീടത് രാഷ്ട്രീയ വിവാദമായി മാറുകയുമായിരുന്നു. ജനങ്ങള്‍ സ്വീകരിച്ച ഈ പാരഡി ഗാനത്തിനെതിരെ പൊലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസ് കേസെടുക്കുകയും യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പിന്‍വലിക്കാന്‍ മെറ്റ അടക്കമുള്ള മാതൃ കമ്പനികള്‍ക്ക് കത്ത് അയക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ നിന്നും പൊലീസ് പിന്മാറി.

ഈ പാട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന് വലിയ നാണക്കേട് ഉണ്ടാക്കി എന്ന് വിലയിരുത്തിലുണ്ട്. പാരഡി ഗാനത്തിനെതിരെ കേസെടുത്തതില്‍ ഇടത് അനുകൂല സംഘടനകളില്‍ നിന്നും ഇടത് സഹയാത്രികരില്‍ നിന്നു പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു ഭാഗത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമ്പോള്‍ മറു ഭാഗത്ത് ഒരു പാരഡി ഗാനത്തിനെതിരെ കേസെടുത്തതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.
നിലവില്‍ ഒരു കേസാണ് ഈ പാട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിന് തലവേദനയായി എല്ലാ ജില്ലകളിലും പാട്ടുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് പരാതിപ്രവാഹം കൂടി ഉണ്ടായതോടെയാണ് തല്‍ക്കാലം തുടര്‍നടപടികള്‍ വേണ്ടതില്ലെന്ന് പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട കേസ് എടുത്തപ്പോള്‍ തന്നെ പൊലീസ് സേനയ്ക്കുള്ളിലും വലിയ ഭിന്നത ഉണ്ടായിരുന്നു. ഈ കേസ് കോടതിയില്‍ എത്തിയാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും ഉണ്ടായി. മുന്‍കാലങ്ങളില്‍ സമാനമായ രീതിയില്‍ സിപിഎമ്മും ഭക്തിഗാനങ്ങള്‍ ഇലക്ഷന്‍ പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഈ ഗാനം മാത്രം ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങള്‍ പൊതുസമൂഹത്തില്‍ സര്‍ക്കാരിന് കൂടുതല്‍ നാണക്കേട് ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഈ പിന്മാറ്റം.












Click it and Unblock the Notifications