കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഗൗരവതരമാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം നടന്നപ്പോൾ ഇവിടെ കോലാഹലമുണ്ടാക്കിയവരെല്ലാം ഇപ്പോൾ മൗനവ്രതത്തിലാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

വിദ്യാര്‍ഥികളും സ്ഥാപനത്തിലെ ജീവനക്കാരും ഡയറക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഡയറക്ടറുടെ വീട്ടിലെ ടോയിലറ്റ് കഴുകാന്‍ വരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്നത് ഞെട്ടിക്കുന്നതാണ്.
വനിതാ ജീവനക്കാര്‍ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്‍റെ വീട്ടില്‍ കയറാവൂ എന്ന് ഡയറക്ടര്‍ നിര്‍ദേശിച്ചെന്ന പരാതി ഉയര്‍ന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയുമെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇതിന് മുമ്പും ജാതിവിവേചനവും ദളിത് വിവേചനവും ഉണ്ടായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇത്രയും ഗുരുതരമായ വിഷയമുണ്ടായിട്ടും കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തത് നിയമവിരുദ്ധമാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയവത്ക്കരണവും കടുത്ത ജാതീയതയുമാണ് മികവിൻ്റെ കേന്ദ്രങ്ങളിൽ നടമാടുന്നത്. പിണറായി വിജയൻ്റെ കേരളത്തിൽ ദളിത്- പിന്നാക്ക വിഭാഗക്കാർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ സാധിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം പ്രതിഷേധങ്ങൾ ഗൗരവപൂർണ്ണമായ നിലയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രണ്ടംഗ ഉന്നതതല കമ്മീഷനെ നിയമിച്ചിരിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയും ഐ എം ജി ഡയറക്ടറുമായ കെ ജയകുമാർ ഐഎഎസ് (റിട്ട.), ന്യൂവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭാ സെക്രട്ടറിയുമായ ഡോ. എൻ കെ ജയകുമാർ എന്നിവരാണ് കമ്മീഷൻ.
അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം നൽകണമെന്ന് കമ്മീഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കും നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. നാളെ മുതൽ ജനുവരി എട്ടു വരെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ നിരാഹാരസമരത്തിൽ അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്നും കലക്ടർ നിർദ്ദേശിച്ചു. അതേസമയം പ്രതിഷേധം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.












Click it and Unblock the Notifications