'ലേലു അല്ലു, അഴിച്ചുവിടണം'; അടുക്കളയിൽ കട്ട് തിന്നാൻ കയറിയ പൂച്ചക്ക് പണി കിട്ടി, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്
കാസറഗോഡ്: ജനൽ കമ്പിയിൽ തലകുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായത് അഗ്നിരക്ഷശമന സേന. പുല്ലൂർ വിഷ്ണു മംഗത്ത് സീതാലക്ഷ്മിയുടെ വീട്ടിലെ പൂച്ചയെ ആണ് അഗ്നിരക്ഷാ സേന 'അതിസാഹസികമായി' രക്ഷിച്ചത്. സംഭവിച്ചത് ഇങ്ങനെ.

അടുക്കളയിൽ കയറി
വിശപ്പ് കാരണം വീട്ടുകാർ അറിയാതെ അടുക്കളയിൽ നിന്ന് വല്ലതും കഴിച്ച് പോകാമെന്ന് ഓർത്ത് കയറിയതാണ് പൂച്ച, പക്ഷേ അറിയാതെ ഒന്ന് പാത്രം തട്ടിപ്പോയി, ഉച്ചത്തിൽ പാത്രം നിലത്ത് വീണതോടെ വീട്ടുകാർ ഓടിയെത്തി, സീൻ ആകെ മൊത്തം കൈയ്യിൽ നിന്ന് പോയി. രക്ഷപ്പെടുകയല്ലാതെ മറ്റെന്ത് മാർഗം?

ജനൽ വഴി പുറത്തേക്ക് പോകാൻ
ചാടിഓടി ജനൽ വഴി പുറത്തേക്ക് കുതിക്കാൻ നോക്കിയപ്പോൾ ദേ കിടക്കുന്നു പണി ജനൽ കമ്പിയിൽ, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടിൽ തലയങ്ങ് കുടുങ്ങി, പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കമ്പിയിൽ കുടുങ്ങിയ തല പുറത്തേക്ക് എടുക്കാൻ മാത്രം പാവത്തിന് കഴിഞ്ഞില്ല. പിന്നെ കരഞ്ഞ് ആളെ കൂട്ടാതെ നിവൃത്തിയില്ലല്ലോ? ഒടുവിൽ അറ്റകൈ പ്രയോഗം തന്നെ, കുറ്റം സമ്മതിച്ച് ഉച്ചത്തിൽ കരഞ്ഞു.

രക്ഷാപ്രവർത്തനവുമായി വീട്ടുകാർ
ഭക്ഷണം കട്ടുതിന്നാൽ എത്തിയവന് രണ്ട് കൊടുക്കാൻ ഓടിയെത്തിയവർ 'മ്യാവു' വിൽ 'വീണു'. പിന്നെ ഒന്നും നോക്കിയില്ല, തീവ്ര രക്ഷാപ്രവർത്തനം. പക്ഷേ വീട്ടുകാർ പരാജയപ്പെട്ടു. ആവുന്നത്ര ശ്രമിച്ചിട്ടും പൂച്ചയുടെ തല ഈരിയെടുക്കാൻ സാധിച്ചില്ല. വേദന കൊണ്ട് പൂച്ച തിരിച്ച് കടിക്കുമോയെന്ന ഭയവും വീട്ടുകാർക്കുണ്ടായിരുന്നു. ഇതോടെ സഹായിക്കാനായി കാഞ്ഞങ്ങാട്ടെ അഗ്മിരക്ഷസേനയെ വിളിച്ചു.

ഫയർഫോഴ്സെത്തി
നിമിഷ നേരം കൊണ്ട് സേനാംഗങ്ങൾ വീട്ടിലെത്തി. ആകെ മൊത്തം കട്ടകലിപ്പിലെ പൂച്ചയെ കണ്ട് ആദ്യം സേനാംഗങ്ങൾ ഒന്ന് സംശയിച്ചു, കടിക്കുമോയെന്ന ആശങ്കയിൽ പൂച്ചയെ ആദ്യം തന്നെ ഒരു ഹെൽമറ്റ് ധരിപ്പിച്ചു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, പണി തുടങ്ങി. ഹൈഡ്രോളിക് സ്‌പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ച് ജനൽ കമ്പി മുറിച്ച് ഒടുവിൽ തലപുറത്തെടുത്തു.

ഒടുവിൽ തലയൂരി
മെഷീന്റെ ബഹളും ആളുകളുടെ വെപ്രാളവുമെല്ലാം കണ്ടിട്ടാവണം പൂച്ചയും ഒരുപാട് ഭയന്നു. ഇടക്കിടെ പിടിയ്ക്കുന്നതെല്ലാം പുറത്തുവന്ന രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയിൽ കാണാം. എന്തായാലും തല പുറത്തായതോടെ ഒന്നും നോക്കിയില്ല, ജീവനും കൊണ്ട് പൂച്ച സ്ഥലം വിട്ടു. എന്തായാലും ഈ വീഡിയോ ദൃശ്യങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇ ഷിജു, ടി വി സുധീഷ് കുമാര്‍, പി വരുണ്‍രാജ്, ഡ്രൈവര്‍ ഇ കെ അജിത്ത്, ഹോംഗാര്‍ഡ് പി നാരായണന്‍ എന്നിവരാണ് നേതൃത്വം നൽകിയത്.












Click it and Unblock the Notifications