തിമിര ശസ്ത്രക്രിയയാണ് രണ്ടാം പിണറായി സർക്കാരിന് ആവശ്യം; വിമർശിച്ച് പിവി അൻവർ
മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. വ്യവസായ-കാർഷിക മേഖലയിൽ വികസന വിപ്ലവം നടത്തി എന്ന് അവകാശപ്പെടുന്ന സർക്കാർ റബ്ബർ കർഷകർക്കും,തൊഴിലാളികൾക്കും വ്യവസായികൾക്കും വേണ്ടി എന്തു ചെയ്തു എന്നത് പുനഃപരിശോധിക്കേണ്ട ഘട്ടം കൂടിയാണിത്. റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും ആശങ്കയും ഭയവും ഗഫൂറിന്റെ മരണത്തിന്റെ പശ്ചാതലത്തിലെങ്കിലും സർക്കാരും പ്രത്യേകിച്ച് വനം വകുപ്പും അടിയന്തിരമായി ഇടപെട്ട് പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'തിമിര ശസ്ത്രക്രിയയാണ് രണ്ടാം പിണറായി സർക്കാരിന് ആവശ്യം. കിഴക്കനേറനാടിൻ്റെ സാമ്പത്തിക മേഖലയുടെ കരുത്താണ് റബ്ബർ.റബ്ബർ വ്യവസായം, കർഷകർ, തൊഴിലാളികൾ മറ്റു അനുബന്ധ മേഖലകളും കൂടി അടങ്ങുന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ ഉപജീവന മാർഗം കൂടിയാണിത്. പ്രവാസികൾ കഴിഞ്ഞാൽ മലയോര മേഖലയുടെ പ്രധാന വരുമാന മാർഗവും റബ്ബർ തന്നെ.
റബ്ബറും അനുബന്ധ മേഖലകളും ഇന്ന് തകർച്ചയുടെ വക്കിലാണ്.ഇന്ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിൻ്റെ നാടായ ചോക്കാട് (കല്ലാമൂല) എത്തിയ സമയത്ത് കേരളത്തിലെ ഏറ്റവും വലിയ റബ്ബർ എസ്റ്റേറ്റുകളിൽ ഒന്നായ പുല്ലങ്കോട് എസ്‌റ്റേറ്റിലെ അടക്കം തൊഴിലാളികളും ചെറുകിട റബ്ബർ കർഷകരും അടങ്ങുന്ന വലിയ ജനസഞ്ചയം അവിടെ തടിച്ചു കൂടിയിരുന്നു.
ഇന്നുണ്ടായ കടുവ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വലിയ ആശങ്കകൾ ഞാനുമായി അവർ പങ്കു വച്ചു.ആനയും പന്നിയും ഇപ്പോൾ കടുവയും അടക്കമുള്ള വന്യജീവി ആക്രമണ ഭയം തന്നെയായിരുന്നു പ്രധാന വിഷയം.നിലവിൽ തന്നെ നേരിടുന്ന തൊഴിലാളി ക്ഷാമമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.എന്നാൽ മലയോര മേഖലയിൽ ഉള്ള പ്ലാൻെറഷനുകളിൽ ഭൂരിപക്ഷവും വനവുമായി അതിർത്തി പങ്കിടുന്നവയാണ്.ഈ മേഖലയിൽ അതിരാവിലെ ടാപ്പിംഗിനായി പോവുന്നത് ആത്മഹത്യാപരമാണ് എന്നതാണ് തൊഴിലാളികളുടെ ഭാഷ്യം.ഈ വിഷയം അനേകം തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമുണ്ടായില്ല എന്നും നാട്ടുകാർ സൂചിപ്പിച്ചു.
മറ്റു മേഖലകൾ അന്യ സംസ്ഥാന തൊഴിലാളികൾ കയ്യേറിയപ്പോൾ തദ്ദേശീയരായ സ്ത്രീകൾ ഉൾപ്പെടെ പ്രത്യക്ഷമായും അല്ലാതെയും പതിനായിരക്കണക്കിന് ആളുകളാണ് ഈ മേഖല ഒന്ന് കൊണ്ടുമാത്രം കഴിഞ്ഞുകൂടുന്നത്.
വ്യവസായ-കാർഷിക മേഖലയിൽ വികസന വിപ്ലവം നടത്തി എന്ന് അവകാശപ്പെടുന്ന സർക്കാർ റബ്ബർ കർഷകർക്കും,തൊഴിലാളികൾക്കും വ്യവസായികൾക്കും വേണ്ടി എന്തു ചെയ്തു എന്നത് പുനഃപരിശോധിക്കേണ്ട ഘട്ടം കൂടിയാണിത്. റബ്ബർ കർഷകരുടെയും തൊഴിലാളികളുടെയും ആശങ്കയും ഭയവും ഗഫൂറിന്റെ മരണത്തിന്റെ പശ്ചാതലത്തിലെങ്കിലും സർക്കാരും പ്രത്യേകിച്ച് വനം വകുപ്പും അടിയന്തിരമായി ഇടപെട്ട് പരിഹരിക്കേണ്ടതുണ്ട്.












Click it and Unblock the Notifications