സലീം രാജിനെ കുടുക്കില്ലെന്നുറച്ച് സിബിഐ? കോടതി പറഞ്ഞാലും രക്ഷയില്ല
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിലപാടിലുറച്ച് സിബിഐ. സലിംരാജ് അടക്കം 22 പേരെ ഒഴിവാക്കിയ നിലപാടില്‍ തന്നെ സിബിഐ ഉറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന കുറ്റപത്രം അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി തിരിച്ചയച്ചിരുന്നു.
എന്നാല്‍ 27 പ്രതികളില്‍ നിന്നും 22 പേരെ ഒഴിവാക്കിയ നടപടിയെ ശരിവെച്ച് തന്നെയാണ് സിബിഐ വീണ്ടും കോടതിയില്‍ എത്തുക. സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കിയെന്നും എന്നാല്‍ ഇതിനുള്ള കാരണം സിബിഐ വ്യക്തമാക്കിയിട്ടില്ലെന്നും പറഞ്ഞാണ് കോടതി കുറ്റപത്രം തിരിച്ചയച്ചത്.

അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായ സലിംരാജ് അടക്കം 22 പേരെ ഒഴിവാക്കിയ കുറ്റപത്രത്തില്‍ തിരുത്തലുകള്‍ വരുത്തിയില്ല. ഒഴിവാക്കിയതിനുള്ള കാരണങ്ങള്‍ കോടതിയെ അറിയിക്കും. ഇത് വ്യക്തമാക്കി രണ്ട് ദിവസത്തിനകം സിജെഎം കോടതിയില്‍ അധിക കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
അഞ്ച് കുറ്റപത്രങ്ങളാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒരു കേസില്‍ മാത്രമാണ് സലിംരാജ് പ്രതിയായിട്ടുള്ളത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ച് പേരെ പ്രതിയാക്കിയാണ് തിരുവനനന്തപുരം സിബിഐ കോടതിയില്‍ പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസീം, റുഖിയ ബീവി എന്നിവരാണ് പ്രതികള്‍.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാനായി അഡീഷണല്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കുകയായിരുന്നു. കേസില്‍ 21-ാം പ്രതിയായിരുന്നു സലിംരാജ്. കടകംപള്ളി വില്ലേജിലെ 400ല്‍ അധികം കുടുംബങ്ങളുടെ 44.5 ഏക്കര്‍ ഭൂമി തണ്ടപ്പേര് തിരുത്തി സ്വന്തമാക്കി എന്നാണ് കേസ്.












Click it and Unblock the Notifications