രാജീവ് കൊലപാതകം... അഡ്വ ഉദയഭാനു പെട്ടു, നിര്‍ണായക തെളിവ്, ദൃശ്യങ്ങള്‍ പോലീസിന്
ചാലക്കുടി: ഭൂമിയിടപാടുകാരനായ രാജീവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനു കുടുങ്ങിയേക്കും. അദ്ദേഹത്തിനെതിരേ ചില നിര്‍ണായക തെളിവുകള്‍ പോലീസിനു ലഭിച്ചു കഴിഞ്ഞു. രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിത്യസന്ദര്ശകനായിരുന്നുവെന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചതായി വിവരം. രാജീവിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് വീട്ടിലെ സിസിടിവി ദൃശ്യങ്ങല്‍ പോലീസിനു കൈമാറിയത്. ഈ ദൃശ്യങ്ങളിലാണ് ഉദയഭാനു നിരവധി തവണ രാജീവിന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നു വ്യക്തമായത്.
ഉദയഭാനുവും രാജീവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് തെളിയിക്കാന്‍ ഈ ദൃശ്യങ്ങള്‍ പോലീസിനെ സഹായിക്കും. മുമ്പ് ഉദയഭാനുവിന്റെ ഹര്ജിക്കാരനന് കൂടിയായിരുന്നു രാജീവ്. അഭിഭാഷകന്റെ വീട്ടില്‍ ഹര്‍ജിക്കാര്‍ പോവുന്നത് സാധാരണമാണ്. എന്നാല്‍ ഹര്‍ജിക്കാരന്റെ വീട്ടില്‍ അഭിഭാഷകന് ഇടയ്ക്കിടെ പോവുന്നത് വെറും സൗഹൃദം മാത്രമല്ലെന്ന് തെളിയിക്കാനൊരുങ്ങുകയാണ് പോലീസ്.
രാജീവിന്റെ കൊലപാതകത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ വൈരാഗ്യം തന്നെയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഉദയഭാനുവിനു രാജീവമായും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അഭിഭാഷകന്റെ പേരില്‍ കരാര്‍ എഴുതിയ ഭൂമിയിടപാടുകളുടെ രേഖകളും പോലീസിന് ലഭിച്ചതായാണ് വിവരം. ഉദയഭാനുവിന്റെ കൂടി ആവശ്യപ്രകാരമാണ് രാജീവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയതെന്ന് നേരത്തേ പ്രതികള്‍ തന്നെ മൊഴി നല്‍കിയിരുന്നു. അറസ്റ്റ് സാധ്യയതുള്ളതിനാല് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 16ാം തിയ്യതി വരെ അഭിഭാഷകനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.