സെൻസസ് വിവരങ്ങൾ സ്വന്തമായി നൽകാൻ ഇത് അവസാന അവസരം; ലളിതമായി മൊബൈലിൽ ചെയ്യാം
ദേശീയ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് തങ്ങളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ സ്വന്തമായി ഓൺലൈനായി രേഖപ്പെടുത്താനുള്ള 'സെൽഫ് എന്യുമറേഷൻ' നടപടികൾ അവസാന ഘട്ടത്തിലേക്ക്. നാളെ, അതായത് ജൂൺ 30 ചൊവ്വാഴ്ച രാത്രി 12 മണിയോടെ കേരളത്തിൽ ഈ സൗകര്യത്തിനുള്ള സമയപരിധി അവസാനിക്കും. അതിനുശേഷം സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ നേരിട്ട് നൽകാൻ സാധിക്കില്ല.
ഇതുവരെ വിവരങ്ങൾ രേഖപ്പെടുത്താത്തവർക്ക് നാളെക്കൂടി മാത്രമായിരിക്കും ഇതിനുള്ള അവസാന അവസരം. ജൂലൈ ഒന്നാം തീയതി മുതൽ ഇതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട സെൻസസ് എന്യുമറേറ്റർമാർ ഓരോ വീടുകളിലുമെത്തി നേരിട്ട് വിവര ശേഖരണം ആരംഭിക്കുന്നതായിരിക്കും. അതിനാൽ ഈ സൗകര്യം പരമാവധി ജനങ്ങൾ വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചിട്ടുണ്ട്.
മൊബൈൽ വഴി എങ്ങനെ വിവരങ്ങൾ നൽകാം?
പൊതുജനങ്ങൾക്ക് തങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വളരെ ലളിതമായി തന്നെ ഈ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. അതിനായി ആദ്യം se.census.gov.in എന്ന ഔദ്യോഗിക സെൻസസ് പോർട്ടലിൽ ലോഗിൻ ചെയ്യുക. പോർട്ടലിൽ പ്രവേശിച്ച ശേഷം നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേരും ഒപ്പം മൊബൈൽ നമ്പരും നൽകണം. (ഓർക്കുക: ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു വീടിന്റെ വിവരങ്ങൾ മാത്രമേ നൽകാൻ സാധിക്കൂ).

നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി (OTP) കൂടി നൽകുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാം. നിങ്ങളുടെ ജില്ല, വില്ലേജ്, ടൗൺ അല്ലെങ്കിൽ സ്ഥലം എന്നിവ കൃത്യമായി നൽകിയാൽ ആ പ്രദേശത്തിന്റെ ഒരു ഭൂപടം (Map) സ്ക്രീനിൽ ദൃശ്യമാകും. ഇതിൽ നിന്നും നിങ്ങളുടെ വീട് നിൽക്കുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തണം. ഇതിനുശേഷമാണ് സെൻസസ് ചോദ്യങ്ങൾ വരുന്നത്. ആകെ 34 ചോദ്യങ്ങളാണ് ഈ വിവരശേഖരണത്തിന്റെ ഭാഗമായി ചോദിക്കുക.
11 അക്ക ഐഡി സൂക്ഷിച്ചു വെക്കുക
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകി പ്രക്രിയ പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു 'സെൽഫ് എന്യുമറേഷൻ ഐഡി' ലഭിക്കും. ഈ 11 അക്ക ഐഡി നിങ്ങൾ കൃത്യമായി കുറിച്ചുവെക്കുകയോ സൂക്ഷിച്ചുവെക്കുകയോ ചെയ്യേണ്ടതാണ്. ജൂലൈ ഒന്നിന് ശേഷം നിങ്ങളുടെ വീട്ടിൽ സെൻസസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കാൻ എത്തുമ്പോൾ, ഈ 11 അക്ക ഐഡി മാത്രം അവർക്ക് കൈമാറിയാൽ മതിയാകും. ഇത് ഉദ്യോഗസ്ഥരുടെ ജോലി എളുപ്പമാക്കാനും നിങ്ങളുടെ സമയം ലാഭിക്കാനും സഹായിക്കും. നാളെ രാത്രിയോടെ ഈ ഓൺലൈൻ പോർട്ടൽ സേവനം അവസാനിക്കുമെന്നതിനാൽ എല്ലാവരും ഇന്ന് തന്നെ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കുക.












Click it and Unblock the Notifications