പികെ കൃഷ്ണദാസ് കേന്ദ്രമന്ത്രിസഭയിലേക്ക്? കുമ്മനം തഴയപ്പെടുമോ... ബിജെപി വിഭാഗീയതയില്‍ പുതിയ നീക്കം
തിരുവനന്തപുരം/ദില്ലി: കേന്ദ്രത്തില്‍ മന്ത്രിസഭ പുന:സംഘടന അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്ന കേരളവും ഇത്തവണ പ്രതീക്ഷയോടെയാണ് കേന്ദ്ര മന്ത്രിസഭ പുന:സംഘടനയെ കാണുന്നത്.
'പ്രഭാരി' പ്രശ്നം: ബിജെപിയിൽ ഇനി പോര് മൂർച്ചിക്കും; എതിർപക്ഷങ്ങൾ ഒന്നിച്ചാൽ, സുരേന്ദ്രൻ വിയർക്കും
കേരളത്തിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ കൂടി കേന്ദ്ര നേതൃത്വം ഈ അവസരം ഉപയോഗിക്കുമോ എന്നാണ് അറിയേണ്ടത്. കടുത്ത അവഗണന നേരിടുന്നു എന്ന് ആക്ഷേപം ഉന്നയിക്കുന്ന പികെ കൃഷ്ണദാസ് പക്ഷത്തെ ഇത്തവണ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍...

അവഗണനകള്‍
നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ പോലും കേരളത്തിന് ആദ്യം പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. പിന്നീട് വി മുരളീധരന്‍ പക്ഷം പാര്‍ട്ടിയിലും മന്ത്രിസഭയിലും എത്തി. അപ്പോഴെല്ലാം പികെ കൃഷ്ണദാസ് പക്ഷം കടുത്ത അവഗണനയില്‍ ആയിരുന്നു.

ഭാരവാഹിത്വത്തിലും
ദേശീയ, സംസ്ഥാന ഭാരവാഹി പട്ടികയിലും കൃഷ്ണദാസ് പക്ഷം കടുത്ത അവഗണനയാണ് നേരിട്ടത്. ഏറ്റവും ഒടുവില്‍ കൃഷ്ണദാസിനെ തെലങ്കാനയുടെ പ്രഭാരി പദവിയില്‍ നിന്ന് നീക്കുകയും ചെയ്തു. ഇതോടെ കേരള ബിജെപിയില്‍ കൃഷ്ണദാസ് പക്ഷം ഏറെക്കുറേ പൂര്‍ണമായും തഴയപ്പെട്ട അവസ്ഥയില്‍ ആയി.

മുറിവുണക്കല്‍
അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മുമ്പായി കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്ന് കെ സുരേന്ദ്രന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വും പാര്‍ട്ടിയ്ക്കുള്ളില്‍ മുറിവുണക്കല്‍ നീക്കത്തിന് ഇറങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര മന്ത്രിസഭയിലേക്ക്
പ്രഭാരി സ്ഥാനത്ത് നിന്ന് പികെ കൃഷ്ണദാസിനെ മാറ്റിയത് കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ആണെന്ന രീതിയിലും സൂചനകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ അവസാനം കാണാന്‍ കേന്ദ്ര നേതൃത്വത്തിന് സാധിച്ചേക്കാം.

കുമ്മനത്തിനെ തഴയുമോ
കുമ്മനം രാജശേഖരന് പാര്‍ട്ടിയിലോ സര്‍ക്കാരിലോ പദവികള്‍ നല്‍കാത്തതില്‍ ആര്‍എസ്എസ്സിനും അതൃപ്തിയുണ്ട്. പാര്‍ട്ടിയില്‍ ഗ്രൂപ്പിന് അതീതമായ പ്രതിച്ഛായ ഉള്ള നേതാവാണ് കുമ്മനം. എന്നാല്‍ കാര്യങ്ങള്‍ ഈ നിലയിലാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് കുമ്മനത്തിന് സാധ്യത കുറവായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനത്തെ അടുത്തിടെ നിയമിക്കുകയും ചെയ്തിരുന്നു.

സുരേഷ് ഗോപി
കേന്ദ്ര മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മറ്റൊരാള്‍ സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി ആയിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ഇടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയ്ക്ക് ഇത്തവണ നറുക്ക് വീഴാന്‍ സാധ്യതയില്ല.

മുരളീധരന്‍ പുറത്താകുമോ
കേരളത്തിലെ വിഭാഗീയതയില്‍ വി മുരളീധരന്‍ പക്ഷത്തിനുള്ള പങ്ക് കേന്ദ്ര നേതൃത്വത്തിനും അറിവുള്ളതാണ്. അതുപോലെ തന്നെ വി മുരളീധരനെതിരെയുള്ള പ്രോട്ടോകോള്‍ ലംഘനം അടക്കമുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുരളീധരനെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തുമോ എന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് അധികം വൈകാതെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങള്‍ക്ക് ഇത്തവണത്തെ മന്ത്രിസഭ പുന:സംഘടനയില്‍ മെച്ചപ്പെട്ട പ്രാതിനിധ്യം ലഭിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന് ഒന്നില്‍ കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാവുകയാണെങ്കില്‍ വി മുരളീധരന്‍ തുടര്‍ന്നേക്കും.