കേന്ദ്രസർക്കാർ അധ്യാപകരുടെ അടിസ്ഥാന ശമ്പളം 1,34,500 രൂപയാക്കണം; 7% വാർഷിക വർദ്ധനവ് വേണമെന്നും ആവശ്യം
കേന്ദ്ര സർക്കാർ അധ്യാപകരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും കുത്തനെ ഉയർത്തണമെന്ന നിർദേശവുമായി അധ്യാപക സംഘടനകൾ. പ്രവേശന തലത്തിലുള്ള അധ്യാപകർക്ക് (ലെവൽ 6) കുറഞ്ഞ അടിസ്ഥാന ശമ്പളം 1,34,500 രൂപയാക്കണമെന്നും ലെവൽ 1 ജീവനക്കാർക്ക് 50,000 മുതൽ 60,000 വരെ ഉയർത്തണമെന്നുമാണ് ആവശ്യം. ഫിറ്റ്മെന്റ് ഫാക്ടർ നിലവിലെ 2.57-ൽ നിന്ന് 2.62 മുതൽ 3.83 വരെ വർദ്ധിപ്പിക്കാനാണ് ശുപാർശ. ഇതിനോടൊപ്പം 6-7% വാർഷിക വർദ്ധനവും നിർദ്ദേശിക്കുന്നുണ്ട്. ഇത് സാധ്യമായാൽ ജീവനക്കാർക്ക് പ്രതിവർഷം ഏകദേശം 10% ശമ്പള വളർച്ച സാധ്യമാക്കും.
ക്ഷാമബത്ത 50% ആകുമ്പോൾ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ദശാംശങ്ങൾ ഉപയോഗിച്ച് ഡിയർനസ് അലവൻസ് കൂടുതൽ കൃത്യമായി കണക്കാക്കാനും നിർദ്ദേശമുണ്ട്. ഈ നീക്കം ജീവനക്കാരുടെ മൊത്തം ശമ്പളത്തിലും അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ട വിരമിക്കൽ ആനുകൂല്യങ്ങളിലും വലിയ വർദ്ധനവിന് വഴിയൊരുക്കും.

അധ്യാപകർക്ക് നഗരങ്ങളുടെ തരം അനുസരിച്ച് ഹൗസ് റെന്റ് അലവൻസ് (എച്ച്ആർഎ) 12%, 24%, 36% എന്നിങ്ങനെ ഉയർത്താൻ നിർദ്ദേശമുണ്ട്. യാത്രാബത്ത അടിസ്ഥാന ശമ്പളത്തിന്റെ 12-15% ആയി നിലനിർത്തണമെന്നും കുറഞ്ഞത് 9,000 ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുന്നതിനായി ഓരോ കുട്ടിക്കും പ്രതിമാസം 7,000 രൂപ വെച്ച് ചിൽഡ്രൻ എഡ്യൂക്കേഷൻ അലവൻസ് നൽകണമെന്നും ശുപാർശയുണ്ട്.
ഇന്റർനെറ്റ്, സാങ്കേതിക ആവശ്യങ്ങൾക്കായി പ്രതിമാസം 2,000 ഡിജിറ്റൽ അലവൻസ് വേണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. അവധി ആനുകൂല്യങ്ങളിൽ 14 സാധാരണ അവധികൾ, 30 ആർജിത അവധികൾ, 20 മെഡിക്കൽ അവധികൾ എന്നിവ ഉൾപ്പെടുന്നുണ്ട്. വിരമിക്കുമ്പോൾ 400 ദിവസം വരെ ആർജിത അവധി പണമായി മാറ്റാൻ അനുമതി നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കുറഞ്ഞ ബോണസ് 27,640 ആയി വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഉയർന്ന തുക സംഭാവന ചെയ്ത് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ 2 കോടിയായി ഉയർത്താനും നിർദ്ദേശമുണ്ട്. മികച്ച ആരോഗ്യ സേവനങ്ങൾക്കായി, ഒപിഡി, ആശുപത്രിവാസം എന്നിവ ഉൾപ്പെടെ 100% ക്യാഷ് ലെസ്സ് മെഡിക്കൽ സിസ്റ്റം നടപ്പിലാക്കാനും ശുപാർശയുണ്ട്.
നിലവിലെ നീണ്ട കാലയളവുകൾക്ക് പകരം 6, 12, 18, 24 വർഷങ്ങളിൽ സ്ഥാനക്കയറ്റം നൽകണമെന്ന് പുതുക്കിയ നിർദ്ദേശത്തിൽ പറയുന്നു. ഇത് അധ്യാപകർക്ക് 6-7 വർഷത്തിനുള്ളിൽ ടിജിടിയിൽ നിന്ന് പിജിടി റോളുകളിലേക്ക് എത്താൻ സഹായിക്കും. അതുവഴി, ദീർഘകാല കാത്തിരിപ്പ് ഒഴിവാക്കി കരിയർ വളർച്ച വേഗത്തിലാക്കാനും സാധിക്കും. ഗ്രാറ്റുവിറ്റി പരിധി 50 ലക്ഷമായി ഉയർത്താനും, NPS/UPS-ന് പകരം പഴയ പെൻഷൻ പദ്ധതി (OPS) പുനഃസ്ഥാപിക്കാനും ആവശ്യമുണ്ട്. വിരമിക്കൽ പ്രായം 65 ആക്കുന്നതിനൊപ്പം, വിരമിച്ച ശേഷമുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ വൺ റാങ്ക് വൺ പെൻഷൻ (OROP) ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും ഈ ശുപാർശകളിൽ ഉൾപ്പെടുന്നു.












Click it and Unblock the Notifications