വിദേശ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി; മുഖ്യമന്ത്രിയും സംഘവും ക്യൂബ, യുഎസ് പര്യടനത്തിന്
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യു എസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ജൂണ്‍ എട്ട് മുതല്‍ 18 വരെയാണ് സന്ദര്‍ശനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുഖ്യമന്ത്രിയുടെ യു എ ഇ യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി സമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ യാത്ര മുടങ്ങിയിരുന്നു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുന്നത്. സന്ദര്‍ശനത്തിനിടെ ലോക ബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്പീക്കര്‍ എ എന്‍ ഷംസീര്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി പി ജോയ്. പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം എന്നിവരും മറ്റ് ഐ എ എസ് ഉദ്യോഗസ്ഥരും യാത്രയില്‍ ഒപ്പമുണ്ടാകും.

ആരോഗ്യമന്ത്രി വീണ ജോര്‍ജ്, പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ ക്യൂബ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. ലോകബാങ്ക് പ്രതിനിധികളുമായുള്ള ചര്‍ച്ച 12ാം തീയതിയാണ്. ന്യൂയോര്‍ക്കിലെ ടൈംസ് സ്വകയറില്‍ നടക്കുന്ന ലോകകേരള സഭയുടെ സമ്മേളനത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും ഉദ്യോഗസ്ഥരും പങ്കെടുക്കും.
അതേസമയം, നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യു എ ഇ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു മുഖ്യമന്ത്രി യു എ ഇയിലേക്ക് പോകാനിരുന്നത്. യു എ ഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കനായിരുന്നു യാത്ര.
മന്ത്രിമാരായ പി രാജീവും പി എ മുഹമ്മദ് റിയാസും യു എ ഇയില്‍ മുഖ്യമന്ത്രിയോടൊപ്പം വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനിരുന്നതാണ്. മേയ് 10ന് ദുബായില്‍ നടക്കേണ്ടിയിരുന്ന പൊതുസ്വീകരണവും മാറ്റിവെച്ചിരുന്നു. യു എ ഇ സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ ക്ഷണിതാവ് ആയിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications