• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വപ്ന സുരേഷ് നൽകിയ മൊഴി മുഖ്യമന്ത്രിയുടെ പച്ചക്കള്ളം പൊളിക്കുന്നത്: വി മുരളീധരന്‍

തിരുവനന്തപുരം: സ്വർണ്ണക്കടത്തിനെക്കുറിച്ചും ലൈഫ് മിഷൻ പദ്ധതിയിലടക്കം കോഴപ്പണം ഒഴുകിയെത്തിയതിനെക്കുറിച്ചും , താനും തന്റെ ഓഫീസും ഒന്നുമറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ പച്ചക്കള്ളം പൊളിക്കുന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍ ശിവശങ്കറാണെന്നതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്സ്മെന്‍റ് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തിനും അതു വഴി വന്ന പണം ഒളിപ്പിക്കാനും പ്രതികളെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിരുന്ന് ശിവശങ്കര്‍ സഹായിച്ചെന്നു അന്വേഷണ ഏജൻസി പറയുമ്പോൾ , മുഖ്യമന്ത്രിയുടെ "ഞാനൊന്നുമറിഞ്ഞില്ലേ " പല്ലവി ഇനി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം മൂക്കിന് താഴെ നടക്കുന്നതു പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയാണോ ഭരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞിട്ടും കൂസലില്ലാതെ കസേരയിൽ അമർന്നിരിക്കുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് പറയാതെ വയ്യ. തന്റെ ഓഫീസ് കൊള്ളക്കാരുടെ കേന്ദ്രമായിട്ടും അത് അറിഞ്ഞില്ല എന്നാണ് പിണറായി വിജയൻ ഇനിയും ആവർത്തിക്കുന്നതെങ്കിൽ അദ്ദേഹം ഒരു പാവ മുഖ്യമന്ത്രിയും സംസ്ഥാനഭരണം നിയന്ത്രിച്ചത് എം.ശിവശങ്കറാണെന്നുമുള്ള സമ്മതിക്കലാണ്.

ലൈഫ് മിഷനടക്കം സുപ്രധാന പദ്ധതികളെ കുറിച്ച് സ്വപ്നയ്ക്കും സംഘത്തിനും ശിവശങ്കർ മുൻകൂട്ടി വിവരം കൈമാറി കമ്മീഷനുറപ്പിച്ചതും മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നറിയാൻ ഇന്നാട്ടിലെ ജനങ്ങൾക്ക് അവകാശമുണ്ട്. സന്തോഷ് ഈപ്പനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശിവശങ്കര്‍ ലൈഫ് മിഷനിലെയും കെഫോണിലെയും കരാറുകളില്‍ യൂണിടാകിനെ പങ്കാളിയാക്കാന്‍ ശ്രമിച്ചതും മുഖ്യമന്ത്രി അറിഞ്ഞില്ല എന്നാണോ? മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന സ്വപ്നയുടെ മൊഴി കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.

കൊവിഡ് കാലം മറയാക്കി വിശ്വസ്തരെ രക്ഷിച്ചെടുക്കാനുള്ള നീക്കമൊന്നും അധികം വിലപ്പോവില്ല. ഒപ്പമുള്ള തട്ടിപ്പുകാരെ രക്ഷിക്കാൻ നുണ കൊണ്ട് പാർട്ടിയും സർക്കാരും കെട്ടിയ പ്രതിരോധക്കോട്ടകളെല്ലാം പൊളിഞ്ഞു വീഴുകയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയൂ സഖാവേ !

ഇനി നേരിട്ടങ്ങു ചോദിക്കാം ജനങ്ങളുടെ മനസിലെ ചോദ്യം. നമ്പർ വൺ മേനി നടിക്കലും ഉപദേശികളുടെ വചനങ്ങൾ തത്ത പറയും പോലെ ഉരുവിടലും മാത്രമായിരുന്നോ പിണറായി വിജയൻ ഇത്രയും കാലം മുഖ്യമന്ത്രിക്കസേരയിലിരുന്ന് ചെയ്തത്?

അതോ ശിവശങ്കറിനെ മുന്നിൽ നിർത്തി കമ്മീഷൻ രാജ് നടപ്പാക്കുകയായിരുന്നോ? സർക്കാർ സ്പോൺസർ ചെയ്ത തട്ടിപ്പും വെട്ടിപ്പുമാണോ ഇത്രകാലം നടന്നത് ? ഇതിനൊന്നും ഉത്തരം പറയാതെ , ഇരട്ടച്ചങ്ക് തുറന്നു കാണിച്ചുള്ള ഇമോഷണൽ സീനൊന്നും ഇനി കേരളത്തിൽ വിലപ്പോവില്ല സഖാവേ ! ഏതായാലും ഒന്നുറപ്പാണ്, നാണക്കേടിന്റെ പരകോടിയിലേക്ക് സംസ്ഥാനത്തെയെത്തിച്ച തട്ടിപ്പുകാരുടെ കാവലാളെന്നായിരിക്കും ചരിത്രത്തിൽ അങ്ങയുടെ വിശേഷണമെന്നും അദ്ദേഹം പറഞ്ഞു.

English summary
central minister v muraleedhran against pinarayi on Gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X