കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഴകളെ കോര്‍ത്തിണക്കി മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഒരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഉത്തര കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ഒരുങ്ങുന്നു. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും ടൂറിസ്റ്റ് സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയും നടപ്പാക്കാനുദ്ദേശിക്കുന്ന മെഗാ ടൂറിസം പദ്ധതിക്ക് 325 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തീരഗ്രാമങ്ങള്‍ ടൂറിസം വില്ലേജുകളാക്കും

തീരഗ്രാമങ്ങള്‍ ടൂറിസം വില്ലേജുകളാക്കും

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നീണ്ടുകിടക്കുന്ന പുഴകളെ കോര്‍ത്തിണക്കി നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി പുഴകളുടെ തീരഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം വില്ലേജുകള്‍ ഒരുക്കും. പെരുമ്പ നദിയുടെ തീരപ്രദേശങ്ങളില്‍ മ്യൂസിക് ക്രൂയിസ് ടൂറിസം, കുപ്പം, പട്ടുവം ഭാഗങ്ങളില്‍ കണ്ടല്‍ ക്രൂയിസ് ടൂറിസം, വളപട്ടണം, തെക്കുമ്പാട് ഭാഗങ്ങളില്‍ തെയ്യം ടൂറിസം, വളപട്ടണം, എ.കെ.ജി അയലന്റ്, സി.എച്ച് അയലന്റ് തുടങ്ങിയ പ്രദേശങ്ങളില്‍ മലബാരി ഭക്ഷ്യവിഭവ ടൂറിസം, ധര്‍മടം, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി മേഖലകളില്‍ പഴശ്ശിരാജ ക്രൂയിസ് ടൂറിസം, മാഹി, പെരിങ്ങത്തൂര്‍ ഭാഗങ്ങളില്‍ കളരി, മറ്റ് ആയോധനകലകള്‍ തുടങ്ങിയവുയമായി ബന്ധപ്പെട്ട ടൂറിസം ഗ്രാമങ്ങളാണ് പദ്ധതിയുടെ ഭാഗമായി പ്രത്യേക രൂപകല്‍പ്പന ചെയ്യുക. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികള്‍ക്ക് ഓരോ വിഷയവുമായി ബന്ധപ്പെട്ട കാഴ്ചകളും അനുഭവങ്ങളും വിവരങ്ങളും ഈ ഗ്രാമങ്ങളില്‍ സജ്ജമാക്കും. പാരമ്പര്യ കലകളെയും തൊഴിലുകളെയും പുനസൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുക.

ആദ്യഘട്ട പദ്ധതി കുപ്പം മുതല്‍ മലപ്പട്ടം വരെ

ആദ്യഘട്ട പദ്ധതി കുപ്പം മുതല്‍ മലപ്പട്ടം വരെ

മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി തുടങ്ങിയ പുഴകളെയും തീരപ്രദേശങ്ങളിലെ കലാ-സാംസ്‌കാരിക പൈതൃകങ്ങളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വിശദ പദ്ധതി രേഖ കേന്ദ്ര സര്‍ക്കാറിന് നേരത്തേ സമര്‍പ്പിച്ചിരുന്നു. കുപ്പം മുതല്‍ മലപ്പട്ടം വരെയുള്ള 100 കോടിയുടെ ആദ്യ ഘട്ടത്തിന്റെ അവലോകനത്തിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രൊജക്ട് മോണിറ്ററിംഗ് സെല്‍ പ്രതിനിധി വ്യാഴാഴ്ച പുഴയാത്ര നടത്തി.

സ്വകാര്യ ഏജന്‍സികളുമായി സഹകരിക്കും

സ്വകാര്യ ഏജന്‍സികളുമായി സഹകരിക്കും

ക്രൂയിസ് പദ്ധതിയുടെ ഭാഗമായി 200 കിലോമീറ്ററോളം ബോട്ട് യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിന് മുസിരിസ് പദ്ധതി മാതൃകയിലുള്ള ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ടുകള്‍ വിനോദസഞ്ചാര വകുപ്പ് അനുവദിക്കും. അവയുടെ നടത്തിപ്പ് പ്രാദേശിക ടൂറിസം സൊസൈറ്റികളെയാണ് ഏല്‍പ്പിക്കുക. സഹകരണ ബാങ്കുകളെയും സ്വകാര്യ ഏജന്‍സികളെയും പദ്ധതിയുമായി സഹകരിപ്പിക്കും. പുഴകളൊഴുകുന്ന പ്രദേശങ്ങളുടെ സവിശേഷതകള്‍ ഉപയോഗപ്പെടുത്തി ടൂറിസ്റ്റ് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാദേശിക മോല്‍നോട്ടച്ചുമതല എം എല്‍ എ ചെയര്‍മാനായി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കായിരിക്കും.

വിമാനത്താവളം വരുന്നതോടെ ടൂറിസം വളരും

വിമാനത്താവളം വരുന്നതോടെ ടൂറിസം വളരും

ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്‌ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, ആയോധന കലകള്‍, കരകൗശല വസ്തുക്കള്‍, പ്രകൃതി ഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസ്റ്റ്-വ്യാപാര വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രദേശത്തിന്റെ ടൂറിസ്റ്റ് വികസനത്തിനൊപ്പം വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്ക് തൊഴില്‍ നേടാനും പദ്ധതി സഹായകമാവും.

കേന്ദ്ര ഏജന്‍സി പരിശോധന നടത്തി

കേന്ദ്ര ഏജന്‍സി പരിശോധന നടത്തി

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിന് കേന്ദ്രാനുമതി ലഭ്യമാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ഏജന്‍സി പദ്ധതി പ്രദേശങ്ങള്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ സാധ്യതകള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രൊജക്ട് മോണിറ്ററിംഗ് സെല്‍ പ്രതിനിധി ദര്‍ശന മാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുപ്പം പുഴ മുതല്‍ പറശ്ശിനിക്കടവ് പുഴ വരെയുള്ള വിവിധ പ്രദേശങ്ങളില്‍ പുഴയിലൂടെ യാത്ര നടത്തിയത്. സംഘത്തോടൊപ്പം എം.എല്‍.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ്, സംസ്ഥാന ടൂറിസം പ്ലാനിംഗ് ഓഫീസര്‍ വി.എസ് സതീശ്, അസിസ്റ്റന്റ് പ്പാനിംഗ് ഓഫീസര്‍ ജി ജയകുമാരന്‍ നായര്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡി. ഗിരീഷ് കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവരാണ് കുപ്പത്ത് നിന്ന് യാത്രതിരിച്ചത്.

വടക്കന്‍ കേരളത്തില്‍ ടൂറിസം സാധ്യതകളേറെ

വടക്കന്‍ കേരളത്തില്‍ ടൂറിസം സാധ്യതകളേറെ

കേരളത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഏറെ വിനോദ സഞ്ചാര സാധ്യതകള്‍ ഉത്തര കേരളത്തിനുണ്ടെന്നും അവ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ദര്‍ശന മാലി പറഞ്ഞു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും താല്‍പര്യപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി വേഗത്തിലാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാര മേഖലയില്‍ ഏറെ വികസന സാധ്യതകളുണ്ടായിട്ടും കാലങ്ങളായി അവഗണിക്കപ്പെട്ട ഉത്തരകേരളത്തിന് മികച്ച അവസരമാണ് 325 കോടിയുടെ ടൂറിസം പദ്ധതിയിലൂടെ കൈവന്നിരിക്കുന്നതെന്ന് ജെയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടിയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. തുടക്കത്തില്‍ ഇതിനായി അഞ്ച് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

കുപ്പം മുതല്‍ പാപ്പിനിശ്ശേരി വരെ പുഴയാത്ര

കുപ്പം മുതല്‍ പാപ്പിനിശ്ശേരി വരെ പുഴയാത്ര

ഉത്തര മലബാറിന്റെ സമ്പന്നമായ കലാ സാംസ്‌കാരിക കാര്‍ഷിക പൈതൃകങ്ങളെ കോര്‍ത്തിണക്കിയുള്ള ടൂറിസം പദ്ധതിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. തികച്ചും പ്രകൃതി സൗഹൃദമായി പുഴകളുടെയും കണ്ടല്‍ക്കാടുകളുടെയും വിനോദ സഞ്ചാര സാധ്യതകളെ ഉപയോഗപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

കുപ്പം കടവില്‍ നിന്ന് ആരംഭിച്ച് മംഗലശ്ശേരി, കോട്ടക്കീല്‍ കടവ്, പഴയങ്ങാടി, തെക്കുമ്പാട്, അഴീക്കല്‍, പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പറശ്ശിനിക്കടവിലാണ് യാത്ര സമാപിച്ചത്. ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരുക്കിയത്. തെയ്യം, കഥകളി, തിരുവാതിര, കോല്‍ക്കളി, കളരിപ്പയറ്റ്, പൂരക്കളി, ദഫ് മുട്ട്, ഒപ്പന തുടങ്ങിയ അനുഷ്ഠാന-പാരമ്പര്യ കലാരൂപങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു.


English summary
₹325-crore Malabar River Cruise is a joint initiative of State and Union govts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X