ബിജെപി സമ്മര്‍ദ്ദം; ടിപി വധക്കേസ് സിബിഐ അന്വേഷിച്ചേക്കും
കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയമാണ് ഇക്കാര്യത്തെക്കുറിച്ച് സൂചന നല്‍കിയത്. കേസ് സിബിഐ ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ടിപി വധക്കേസ് സിബിഐയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ആര്‍എംപി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ സംസ്ഥാനത്തെ ബിജെപി നേതാക്കളെ സന്ദര്‍ശിച്ച് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ കേസ് സിബിഐയെ കൊണ്ട് ഏറ്റെടുപ്പിക്കുന്നത് എന്നാണ് വിവരം.

ടിപി വധക്കേസ് ഗൂഢാലോചന സിബിഐ ഏറ്റെടുക്കണമെന്ന് കാട്ടി നേരത്തെ രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സമീപിച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആകില്ലെന്ന് അറിയിക്കുകയായിരുന്നു. കുറ്റപത്രം നല്‍കി പ്രതികള്‍ക്ക് ശിക്ഷ നല്‍കിയ കേസ് സിബിഐയ്ക്ക് ഏറ്റെടുക്കാനാകില്ലെന്നും അത്തരമൊരു കീഴ്‌വഴക്കമില്ലെന്നുമായിരുന്നു അന്ന് സിബിഐ സ്വീകരിച്ച നിലപാട്.
എന്നാല്‍, സിബിഐ തന്നെ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ബിജെപി നേതാക്കളെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ നിലപാട് മാറ്റുന്നത്. ടിപി വധക്കേസിന്റെ പേരില്‍ കെ കെ രമ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെതിരെ ആര്‍എംപിയില്‍ തര്‍ക്കവുമുണ്ടായിരുന്നു. മുതിര്‍ന്ന ആര്‍എംപി നേതാവ് ഡോ. ആസാദ് ഇതിനെതിരെ പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തു.












Click it and Unblock the Notifications