സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ: നിയന്ത്രണങ്ങള്‍ക്കായി പുതിയ നടപടിക്രമങ്ങള്‍
ന്യൂഡൽഹി: ഉഭയസമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങൾ (NCII) ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നതിനെ നിയന്ത്രിക്കുകയും അതിവേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) പുതിയ സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമം (SoP) പുറത്തിറക്കി. മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം (റിറ്റ് പെറ്റീഷൻ - സിവിൽ നമ്പർ 25017/2025, ഉത്തരവ് തീയതി 15.07.2025) പുറത്തിറക്കിയ ഈ നടപടിക്രമം, ഓൺലൈൻ മാധ്യമങ്ങളിലെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനുള്ള വലിയ നീക്കമായി കണക്കാക്കപ്പെടുന്നു.
പുതിയ SoPയുടെ പ്രധാന ലക്ഷ്യം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇരകളുടെ സമ്മതമില്ലാതെ പങ്കുവെച്ച ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയ ആക്ഷേപകരമായ ഉള്ളടക്കം വേഗത്തിൽ നീക്കം ചെയ്യുന്നതിനാണ്. കൂടാതെ, ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എതിക്സ് കോഡ്) ചട്ടം 2021ലെ 3(2)(ബി) വകുപ്പിന്റെ കാര്യക്ഷമമായ നടപ്പാക്കലിനും ഇതിലൂടെ ഉദ്ദേശിക്കുന്നു.

പ്രധാന ലക്ഷ്യം
സമ്മതമില്ലാതെ പങ്കുവെക്കുന്ന അല്ലെങ്കിൽ മോർഫ് ചെയ്ത വ്യക്തിഗത ചിത്രങ്ങളുടെ പ്രചരണം നിയന്ത്രിക്കാൻ വ്യക്തമായ മാർഗ്ഗനിർദ്ദേശം രൂപപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഇരകൾക്കും സേവനദാതാക്കൾക്കും നിയമനിർവഹണ ഏജൻസികൾക്കും കാര്യക്ഷമമായി ഇടപെടാനായുള്ള വ്യക്തമായ നടപടിക്രമങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യുകയോ പ്രവേശനം തടയുകയോ ചെയ്യേണ്ടത് നിർബന്ധിതമായി നിശ്ചയിച്ചിരിക്കുന്നു.
ഇരകൾക്ക് ലഭ്യമായ പ്രധാന മാർഗ്ഗങ്ങൾ
വൺ സ്റ്റോപ്പ് സെൻററുകൾ (OSCs): സമീപത്തുള്ള സെൻററിൽ നേരിട്ട് എത്തി പരാതിപ്പെടാനും നിയമസഹായം, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ലഭിക്കാനും കഴിയും.
സേവനദാതാക്കൾ: ബന്ധപ്പെട്ട ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ ആപ്പുകളിലോ നേരിട്ട് റിപ്പോർട്ട് നൽകാം. ഇൻ-ആപ്പ് റിപ്പോർട്ടിംഗ് സംവിധാനങ്ങളും പരാതി പരിഹാര ഉദ്യോഗസ്ഥരും ഇതിനായി സജ്ജമാണ്.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP): www.cybercrime.gov.in
വഴി ഓൺലൈൻ പരാതിയും 1930 ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ചും സഹായം തേടാം.
നിയമനിർവ്വഹണ ഏജൻസികൾ: അടിയന്തര ഇടപെടലിന് പ്രാദേശിക പോലീസ് സ്റ്റേഷനിൽ നേരിട്ട് പരാതിപ്പെടാം.
സേവനദാതാക്കൾ പാലിക്കേണ്ടത്
ഓരോ പരാതിയും ലഭിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യുകയോ അതിലേക്കുള്ള ആക്സസ് തടയുകയോ വേണം. സമാനമായ ഉള്ളടക്കം വീണ്ടും പ്രത്യക്ഷപ്പെടാതിരിക്കാൻ ഹാഷ്-മാച്ചിംഗ്, ക്രോളർ സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ (I4C) മുഖേന സമർപ്പിക്കേണ്ടതുമാണ്.
ഏജൻസികൾ തമ്മിലുള്ള ഏകോപനം
I4C: NCII പരാതികളുടെ പ്രധാന അഗ്രിഗേറ്റർ ആയി പ്രവർത്തിക്കുകയും സുരക്ഷിത ഹാഷ് ബാങ്ക് പരിപാലിക്കുകയും ചെയ്യും.
ടെലികമ്യൂണിക്കേഷൻ വകുപ്പ് (DoT): റിപ്പോർട്ട് ചെയ്ത URLകൾ തടയുന്നതിന് ഇന്റർനെറ്റ് സേവനദാതാക്കളുമായി സഹകരിക്കും.
MeitY: സേവനദാതാക്കൾ സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കുകയും ഏകോപനവും ഉറപ്പാക്കുകയും ചെയ്യും.
ഡിജിറ്റൽ സുരക്ഷയുടെ പുതിയ പടി
ഈ SoPയുടെ ലക്ഷ്യം വ്യക്തികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, അവരുടെ ഡിജിറ്റൽ ഐഡന്റിറ്റിയിൽ നിയന്ത്രണം തിരിച്ചുപിടിക്കാനും, സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കാനുമാണ്. സൈബർ ലോകത്ത് സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ ഉറച്ച പ്രതിബദ്ധതയാണിതിലൂടെ പ്രകടമാകുന്നത്.
ഉഭയസമ്മതമില്ലാതെ സ്വകാര്യ ചിത്രങ്ങളുടെ പ്രചരണം നിയന്ത്രിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമം (SoP) പൂർണ്ണരൂപത്തിൽ ഇവിടെ ലഭ്യമാണ്:
👉 https://www.meity.gov.in/static/uploads/2025/11/a2c9500ef5f8b62a43bfc68747de592d.pdf












Click it and Unblock the Notifications