കേരളം ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രം; വിശദീകരണം തേടി
ദില്ലി: രാജ്യത്താകമാനം കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാവുകയാണ്. മെയ് 3 വരെ രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ തുടരുമെങ്കിലും ഏപ്രില്‍ 20 മുതല്‍ സര്‍ക്കാര്‍ ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കൊറോണക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം.
Recommended Video
കേരളം കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. കേരളം നേരത്തെ ബാര്‍ബര്‍ ഷാപ്പുകള്‍ക്കും വര്‍ക് ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനത്തിന് കാരണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് കേന്ദ്രം. കേരളത്തിന്റെ വിശദീകരണം ലലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് കേന്ദ്രം തീരുമാനിക്കും. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് അയച്ചിരിക്കുന്നത്.

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെല്ലാം തന്നെ അനുദിനം കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതിനാല്‍ തന്നെ സംസ്ഥാനം കൂടുതല്‍ മേഖലകളില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം കേരളത്തില്‍ പല മേഖലകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും
ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ വന്നേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയിരുന്നു.
രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണ് ഇത്തരമൊരു മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ചത്. ആഴ്ച്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വലിയ വെല്ലുവിളിയുയര്‍ത്തും. ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍പ്പോലും ഒരുപക്ഷെ ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലടക്കം ബ്രെയ്ക്ക് ദ ചെയിന്‍ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.
കേരളത്തില്‍ കോട്ടയം, ഇടുക്കി (ഗ്രീന്‍ സോണ്‍) ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ (ഓറഞ്ച് ബി) എന്നീ ജില്ലകളിലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്. ഈ ജില്ലകളില്‍ ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്.
ഒപ്പം ഒറ്റ-ഇരട്ട അക്ക സബ്രദായത്തിലാണ് വാഹനങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് യാത്രാനുമതി.പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.












Click it and Unblock the Notifications