ഇതാണ് തന്റേടം; മമത ബാനര്‍ജിയോട് രാഷ്ട്രം മമത കാട്ടേണ്ട സമയമാണിത്; അഭിനന്ദനവുമായി ഷിബു ബേബി ജോണ്‍
കൊല്ലം: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അഭിനന്ദിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസത്തിനെതിരായ പോരാട്ടം ആവശ്യപ്പെടുന്നത് ഈ ധീരതയാണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിനോട് കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുന്ന പ്രതികാര നടപടികള്‍ തികച്ചും ഒരു ഫാസിസ്റ്റ് സര്‍ക്കാരിന്റെ മൂര്‍ത്തി രൂപമാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളുടെ പശ്ചാത്തലത്തിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഇതാണ് തന്റേടം... ഫാസിസത്തിനെതിരായ പോരാട്ടം ആവശ്യപ്പെടുന്നത് ഈ ധീരതയാണ്. പശ്ചിമ ബംഗാളിലെ മമതാ സര്‍ക്കാരിനോട് കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുന്ന പ്രതികാര നടപടികള്‍ തികച്ചും ഒരു ഫാസിസ്റ്റ് സര്‍ക്കാരിന്റെ മൂര്‍ത്തി രൂപമാണ്. സംസ്ഥാന സര്‍ക്കാരിനോടുള്ള വൈരാഗ്യം തീര്‍ക്കുന്നതിന് ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിക്കുക.

യാസ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വരുത്തി വച്ച സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ വിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കത്തെഴുതുമ്പോള്‍ ചീഫ് സെക്രട്ടറിയ്ക്ക് അന്ത്യശാസനം നല്‍കുക, രാജിവച്ചിട്ടും പക തീരാതെ വേട്ടയാടുക... എന്നിങ്ങനെ കേട്ടുകേള്‍വി പോലുമില്ലാത്ത ഏകാധിപത്യത്തിന്റെ ശബ്ദമാണ് ഡല്‍ഹിയില്‍ നിന്നും കേള്‍ക്കുന്നത്.

മമതയോടുള്ള രാഷ്ട്രീയ എതിര്‍പ്പുകള്‍ മാറ്റിവച്ച് രാജ്യത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ സംഘപരിവാര്‍ ഫാസിസത്തിനെതിരെ ഒന്നിക്കേണ്ട സമയമാണിത്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍...? ബുദ്ധദേബ് സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ആലാപന്‍ ബന്ദോപാധ്യായയ്ക്ക് തന്റെ സിവില്‍ സര്‍വീസ് കരിയറിന് തിരശീല ഇടേണ്ടി വന്നു. അതൊരു പ്രതിഷേധമാണ്.

അവിടെ ഒരു മുഖ്യമന്ത്രിയും ഉദ്യോഗസ്ഥനും ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. അത് ഒരര്‍ത്ഥത്തില്‍ ഫെഡറലിസം സംരക്ഷിക്കാനുള്ള സമരം കൂടിയാണ്. ഒരുപക്ഷേ ഒരു ചീഫ് സെക്രട്ടറിക്ക് വേണ്ടി ഒരു മുഖ്യമന്ത്രിയും ഇത്രയും വാശിപിടിച്ചിട്ടുണ്ടാകില്ല. കേന്ദ്രവുമായി ഏറ്റുമുട്ടിയിട്ടും ഉണ്ടാകില്ല.

സ്വയം രാജിവെച്ചുകൊണ്ടു ഒരു ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയ്ക്ക് ഇതുപോലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുമുണ്ടാകില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കാകരുത്. മമതയോട് രാഷ്ട്രം മമത കാട്ടേണ്ട സമയമാണിത്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് വങ്കദേശത്തില്‍ ഇടം നല്‍കാതിരിക്കാന്‍ നമുക്ക് ഒന്നിച്ചുനില്‍ക്കാം.
പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം












Click it and Unblock the Notifications