Champakulam Boat Accident: ചമ്പക്കുളം ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി
ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ വള്ളമാണ് മറിഞ്ഞത്. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 30 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിഡിഎസ് നെടുമുടി ഗ്രാമപഞ്ചായത്തിന്റെ കമ്പനി എന്ന വള്ളവും സിഡിഎസ് ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ കാട്ടില്‍ തെക്കേതില്‍ എന്ന വള്ളവും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. ഫിനിഷിങ് പോയന്റിന് മൂന്നൂറ് മീറ്റർ അകലെ വെച്ചായിരുന്നു വള്ളം മറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനൽ നടത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തിൽ തുടർന്നുള്ള മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.












Click it and Unblock the Notifications