കണ്ണൂരില്‍ സംഘര്‍ഷ സാധ്യത; നേതാക്കളുടെ കൊലവിളി എന്നവസാനിക്കും?
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കണ്ണൂര്‍ കനത്ത പോലീസ് കാവലില്‍. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയും സിപിഎമ്മിന്റെ നമ്മളൊന്ന് ഘോഷയാത്രയും ഒരേസമയം നിരത്തിലിറങ്ങുന്നതോടെ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഐബി റിപ്പോര്‍ട്ട്.
ചട്ടമ്പിസ്വാമി ദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ച് ദിവസത്തെ വര്‍ഗീയ വിരുദ്ധ ക്യാംപെയ്‌ന്റെ ഭാഗമായാണ് നമ്മളൊന്ന് എന്ന പേരില്‍ സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ 206 കേന്ദ്രങ്ങളില്‍ സിപിഎം ഘോഷയാത്രകള്‍ നടത്തുന്നുണ്ട്. അതേസമയം മുന്നൂറോളം സ്ഥലങ്ങളില്‍ ബിജെപിയും ശോഭയാത്രകള്‍ സംഘടിപ്പിക്കുന്നു.

കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം സംഘര്‍ഷമുണ്ടായാല്‍ ഇരു വിഭാഗം നേതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പുണ്ടായ ഇരുവിഭാഗം നേതാക്കളുടെ പ്രസംഗങ്ങളും ഘോഷയാത്ര സമയത്ത് അണികള്‍ക്കിടയില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
അതേസമയം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ കൊല്ലത്തെ പത്തനാപുരത്ത് പുന്നലയില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. ബിജെപി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. പുന്നലയില്‍ ബിജെപി വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications