ചന്ദ്രയാന്‍-3 ലാന്‍ഡിങ് തിയേറ്ററിലിരുന്നും തത്സമയം കാണാം: സജ്ജീകരണവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ചന്ദ്രയാന്‍-3 ചാന്ദ്ര ഉപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയും ലോകവും. ഇന്ന് വൈകീട്ട് 6:04 ന് സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ലൈവ് ആയിട്ട് ചന്ദ്രയാന്‍-3 ന്റെ പ്രയാണം ഐഎസ്ആർഒ യൂട്യൂബ് ചാനലിലൂടെ തത്സമയം വീക്ഷിക്കാന്‍ സാധിക്കും.
സ്കൂളുകളിലും മറ്റ് വിവിധ സർക്കാർ സ്ഥാപനങ്ങളിലും ബിഗ് സ്ക്രീനുകളില്‍ തത്സമയ സംപ്രേക്ഷണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചാന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ അറിയിച്ചിരുന്നു.

ഐ എസ് ആര്‍ ഒ യുമായി ചേര്‍ന്ന് ഓഗസ്റ്റ് 23ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്തു വരെയാണ് പരിപാടി. 6.04ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്ക്രീനില്‍ കാണാൻ ഇത് അസുലഭ അവസരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും ഇതോടനുബന്ധിച്ച് സജ്ജമാക്കും.
'നൈറ്റ് അറ്റ് ദി മ്യൂസിയം' പരിപാടിയുടെ ഭാഗമായി രാത്രി പത്തു മണി വരെ വാനനിരീക്ഷണ സൗകര്യവും ബുധനാഴ്ചയുണ്ടാവും. മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എംസി ദത്തന്‍, ഗവേഷകരായ ഡോ. അശ്വിന്‍ ശേഖര്‍, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് അവർ മറുപടി നല്‍കുകയും ചെയ്യും.
കെഎസ്എഫ്ഡിസി യുടെ തിരുവനന്തപുരം, കോഴിക്കോട് 'ശ്രീ' തീയേറ്ററുകളലും തത്സമയ പ്രദര്‍ശനം നടക്കും. അതേസമയം, ചന്ദ്രയാന്‍-3ന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഐ എസ് ആർ ഒ അധികൃതർ അറിയിച്ചു. നിശ്ചയിച്ച സ്ഥലത്തേക്ക് ലാന്‍ഡര്‍ മൊഡ്യൂള്‍ എത്തുന്നതിനുള്ള കാത്തിരിപ്പ് 5.44 ന് തന്നെ തുടങ്ങുമെന്നാണ് ബഹിരാകാശ കേന്ദ്രം വ്യക്തമാക്കിയത്. ബെംഗളൂരു പീനിയയിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍നിന്നാണ് ലാന്‍ഡറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്.












Click it and Unblock the Notifications