'ഇത് അന്തം കമ്മികളുടെ സ്ഥിരം ശൈലി, ഇതുകൊണ്ടൊന്നും പേടിച്ചോടില്ല'; മറുപടിയുമായി ആശ നാഥ്
സിപിഎം സൈബർ അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും തിരുവനന്തപുരം നഗരസഭ കൗൺസിലറുമായ ജിഎസ് ആശാനാഥ്. സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നതെന്നും ഇങ്ങനുള്ള ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്ട്രീയത്തിൽ നിന്ന് ഭയന്നോടുമെന്ന് വ്യാമോഹിക്കേണ്ടെന്നും ആശ ഫേസ്ബുക്കിൽ കുറിച്ചു.
നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര സന്ദർശനത്തിനിടയിൽ ചാണ്ടി ഉമ്മനൊപ്പം ആശാ നാഥ് ഉള്ള ചിത്രമാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്. ബിജെപി നേതാവിനൊപ്പം ചാണ്ടി ഉമ്മൻ ക്ഷേത്ര ദർശനം നടത്തുന്നത് കണ്ടില്ലേയെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ ബിജെപിയുടെ വോട്ട് എങ്ങനെയാണ് കോൺഗ്രസിന് ലഭിച്ചത് എന്ന് ഇപ്പോൾ മനസിലായില്ലേയെന്ന തരത്തിലുമായിരുന്നു പ്രചരണങ്ങൾ. എന്നാൽ സിപിഎം അംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തെന്നിരിക്കെ തന്റെ ചിത്രം മാത്രം എടുത്ത് അപകീർത്തിപ്പെടുത്തുകയാണെന്ന് ആശ പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'നമസ്തേ...
തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മം എന്ന പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം സൈബർ പ്രവർത്തകർ വളരെ മോശവും, നീചവുമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വെച്ച് പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു.. ആദ്യം ഇതിനെ ആവഗണിക്കാം എന്നാണ് വിചാരിച്ചത്, എന്നാൽ പലരും കാര്യം എന്താണെന്ന് വ്യക്തമാക്കണം എന്ന് പറയുന്നത് കൊണ്ടാണ് ഈ പോസ്റ്റ്. ഇത് കോണ്ഗ്രസ് പാർട്ടി നടത്തിയ പരിപാടി അല്ല..
ഒരു ജനപ്രതിനിധി എന്ന നിലയിൽ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടർന്നാണ് പങ്കെടുത്തത്.. ഒരു പൊതുപരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെയും, സാമൂഹിക നേതാക്കളും, നപ്രതിനിധികളുമൊക്കെ പങ്കെടുക്കുന്നത് സർവസാധാരണമാണ്..ഈ പരിപാടിയിൽ കോണ്ഗ്രസ് MLA ചാണ്ടി ഉമ്മൻ, MLA വിൻസെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ, ബിജെപി നേതാവ് ചെങ്കൽ രാജശേഖരൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്ത പരിപാടി ആണ് അതിൽ നിന്നും ഒരു ഫോട്ടോ മാത്രം അടർത്തിയെടുത്ത് അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്..
പഴയ പോസ്റ്റുകൾ തിരഞ്ഞാൽ സിപിഎം എംഎൽഎ യോടൊപ്പമുള്ള പൊതുപരിപാടികളും കാണാം.അപ്പോഴും നിങ്ങൾ സിപിഎം ന് വോട്ട് മറിച്ചു നൽകിയെന്ന് പ്രചരിപ്പിക്കുവോ..? ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നത്.. ഇങ്ങനുള്ള ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്ട്രീയത്തിൽ നിന്ന് ഭയന്നോടുമെന്ന് വ്യാമോഹിക്കണ്ട ശക്തമായി തന്നെ മുന്നോട്ട് പോകുക തന്നെ ചെയ്യും.. ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണ്.. ഇത് അവർ ഇനിയും തുടരുമെന്നും അറിയാം വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ട ഇതിലൊന്നും പേടിക്കുന്നയാളല്ല ഈ ഞാൻ'.












Click it and Unblock the Notifications