53 വർഷത്തിന് ശേഷം പുതുപ്പള്ളിക്ക് മറ്റൊരു പ്രതിനിധി: ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മന്‍. രാവിലെ പത്തോടെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ദൈവനാമത്തിലുള്ള ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. ആദ്യം പ്രതിപക്ഷനേതാവിനേയും പിന്നീട് മുഖ്യമന്ത്രിയേയും കൈകൂപ്പി അഭിസംബോധ ചെയ്തശേഷമായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞയ്ക്കുശേഷം അംഗത്വ രജിസ്റ്ററില്‍ ഒപ്പുവെച്ച ചാണ്ടി ഉമ്മന്‍ പിന്നാലെ സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു. പിന്നീട് മുഖ്യമന്ത്രിയടക്കം മുന്‍നിരയിലുള്ള മന്ത്രിമാരേയും സഭാ കക്ഷിനേതാക്കളേയും അഭിസംബോധന ചെയ്തു. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും പിസി വിഷ്ണുനാഥ് എംഎല്‍എയ്‌ക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ സഭയിലെത്തിയത്.

പുതുപ്പള്ളിയിലെ റെക്കോർഡ് വിജയം കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം, സോളാർ കേസിലെ വെളിപ്പെടുത്തല്‍. മാസപ്പടി അടക്കമുള്ള വിവാദങ്ങള്‍ എന്നിവയില്‍ മുഖ്യമന്ത്രിയെക്കണ്ട് സഭയില്‍ മറുപടി പറയിക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം.
ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹത്തിനൊപ്പം തന്നെ ഭരണ വിരുദ്ധ വികാരവും ചാണ്ടി ഉമ്മന്റെ റെക്കോർഡ് ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചെന്നാണ് യു ഡി എഫ് വിലയിരുത്തല്‍. പുതുപ്പള്ളിയില്‍ പോൾ ചെയ്ത വോട്ടുകളിൽ 80144 എണ്ണം ചാണ്ടി ഉമ്മനു ലഭിച്ചു. എല്‍ ഡി എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് - 42425 വോട്ടുകളും ബി ജെ പിയുടെ ലിജിൻ ലാലിന് - 6558 വോട്ടും ആം ആദ്മി പാർട്ടി സ്ഥാനാർഥി ലൂക്ക് തോമസിന് 835 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച സന്തോഷ് പുളിക്കലിന് 78 വോട്ടും ഷാജിക്ക് 63 വോട്ടും പി.കെ ദേവദാസിന് 60 വോട്ടും ലഭിച്ചു. നോട്ടയ്ക്ക് 400 വോട്ടുകളാണ് ലഭിച്ചത്.
1,76,412 വോട്ടർമാരായിരുന്നു പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 72.86 ശതമാനം പോളിങ്ങാണ് സെപ്റ്റംബർ അഞ്ചിന് നടന്ന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്, അതായത് 1,28,535 പേർ വോട്ട് ചെയ്തു. ഇതുകൂടാതെ 2501 തപാൽ വോട്ടുകളുമുണ്ടായിരുന്നു. (സർവീസ് വോട്ടർമാർക്കുള്ള 10 ഇ.ടി.പി.ബി.എസ് വോട്ടുകളും 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി രേഖപ്പെടുത്തിയ 2491 വോട്ടുകളും).
ആകെ 1,31,036 വോട്ടുകൾ. തപാൽ വോട്ടുകളിൽ 473 എണ്ണം അസാധുവായി. തപാൽ വോട്ടുകളിൽ ചാണ്ടി ഉമ്മന് 1495 എണ്ണവും ജെയ്ക് സി. തോമസിന് 443 വോട്ടും ലിജിൻ ലാലിന് 72 വോട്ടും ലൂക്ക് തോമസിന് ആറുവോട്ടും പി.കെ. ദേവദാസിന് മൂന്നുവോട്ടും ഷാജിക്ക് അഞ്ചുവോട്ടും ലഭിച്ചു. തപാൽ വോട്ടുകളിൽ നാലെണ്ണം നോട്ടയ്ക്കാണ്.












Click it and Unblock the Notifications