‘കറുപ്പ് കണ്ടാൽ പലർക്കും പ്രശ്നം’; കറുപ്പണിഞ്ഞ് വോട്ട് ചെയ്യാനെത്തി ചാണ്ടി ഉമ്മൻ
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മിക്ക ദിവസങ്ങളിലും ഖദർ വേഷം ഉപേക്ഷിച്ച് ടീഷർട്ടും മറ്റുമിട്ട് വോട്ടർമാരെ കാണാനിറങ്ങി വ്യത്യസ്തനായ ആളാണ് ചാണ്ടി ഉമ്മൻ. ഇന്ന് വോട്ടെടുപ്പ് ദിവസത്തിലും ചാണ്ടി ഉമ്മന്റെ വേഷം ചർച്ചയാകുകയാണ്. കറുപ്പണിഞ്ഞാണ് ചാണ്ടി ഉമ്മൻ കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. പിതാവ് ഉമ്മൻ ചാണ്ടിയെ സർക്കാർ അകാരണമായി വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും അതിന്റെ പ്രതിഷേധ സൂചകമായാണ് കറുപ്പണിഞ്ഞ് വോട്ട് ചെയ്യാനെത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 140-ാം നമ്പർ ബൂത്തിൽ അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ എന്നിവർക്കൊപ്പമെത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്. 'പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാറിനെതിരേ വോട്ട് രേഖപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. പല പ്രതിഷേധങ്ങളും ഉണ്ട്. എന്റെ പിതാവിനെ അന്യായമായി ഒമ്പത് വർഷക്കാലം ഈ സർക്കാർ വേട്ടയാടി. വേട്ടയാടിയത് മാത്രമല്ല, അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചു, സംരക്ഷിക്കുന്നു. അതിനെതിരായ പ്രതിഷേധമാണ് ഇത്’- ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയുടെ മനസ്സിലും കേരളത്തിന്റെ മനസ്സിലുമേറ്റ മുറിവാണ് ഇതെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആ വേട്ടയാടൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോടും പുതുപ്പള്ളി മണ്ഡലത്തോടും ഉണ്ട്. വികസനപ്രവർത്തനങ്ങൾക്കായി ഫണ്ട് തരാതെ വേട്ടയാടപ്പെട്ടിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾ തടഞ്ഞിട്ടുണ്ട്. അതിനുള്ള പ്രതിഷേധം കൂടിയാണ് ഇത്. പാലങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവയൊക്കെ ഇപ്പോഴും ഉമ്മൻ ചാണ്ടി സർക്കാർ നിർത്തിയിടത്ത് തന്നെ നിൽക്കുകയാണെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
'പണി തീരാത്ത സിവിൽ സ്റ്റേഷന് എന്റെ പിതാവിന്റെ പേരിട്ടു. ഇങ്ങനെ ഞങ്ങളെ അപമാനിക്കണോ? പണി തീരാത്ത സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേരിടണോ? അദ്ദേഹത്തിന്റെ മരണശേഷവും ഞങ്ങളെ വേട്ടയാടി. ശബരിമല സ്വർണ്ണക്കള്ള അടക്കം നാടിനെ ആകെ ബാധിച്ച പ്രശ്നങ്ങളിലെല്ലാം പ്രതിഷേധമുണ്ട്. ജനം പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ ആ പ്രതിഷേധം കാണിക്കും. കറുപ്പ് പ്രതിഷേധത്തിന്റേതാണ്. കറുപ്പ് കണ്ടാൽ ഇന്ന് പലർക്കും പ്രശ്നമാണ്. ഇത് വലിയ ആചാരത്തിന്റെ ഭാഗമാണെന്ന് കൂടി വിചാരിച്ചാൽ മതി’- ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇല്ലാത്ത കഥകളുണ്ടാക്കി ഉമ്മൻ ചാണ്ടിയെ മൂന്ന് വർഷക്കാലം വേട്ടയാടിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. അതിന് ശേഷം സിബിഐ അന്വേഷണം. എങ്ങനെയൊക്കെ വേട്ടയാടാമോ അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ല. കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വേദനയുള്ള ദിവസമാണ്. ആ വേദനയോടെയാണ് പ്രതിഷേധം അറിയിക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.












Click it and Unblock the Notifications