റേഷൻ കാർഡുകളുടെ തരം മാറ്റല്‍; ജനങ്ങളെ പോക്കറ്റടിക്കാനാണ് സർക്കാര്‍ നീക്കം: പികെ അബ്ദുറബ്ബ്
മലപ്പുറം: ആയിരം ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുള്ളവരെയും, ഉപജീവനത്തിനല്ലാതെ സ്വന്തമായി വാഹനമുള്ളവരെയും മുൻഗണനാ റേഷൻ കാർഡിൽ നിന്നും അനർഹരാക്കി കൊണ്ടുള്ള സർക്കാർ മാർഗനിർദ്ദേശം ഈ മഹാമാരിക്കാലത്തും സർക്കാർ നടത്തുന്ന കൊടും ക്രൂരതയാണെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പിക അബ്ദുറബ്ബ്. ബേങ്ക് വായ്പ്പയെടുത്ത് വീടെടുത്തവരും വാഹനങ്ങൾ വാങ്ങിയവരുമുണ്ട്. ലോക്ക്ഡൗൺ കാരണം മാസങ്ങളായി തൊഴിലില്ലാതെ കഷ്ടപ്പെടുന്നതിനിടയിൽ തിരിച്ചടവുകൾ തെറ്റിയവരാണ് പലരും. ഈ കണ്ണീർ കാലത്തും ഇവരുടെയൊക്കെ അടുപ്പുകളിൽ തീ പുകഞ്ഞത് റേഷൻ വഴി കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങൾ കൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
പുതുക്കിയ മാനദണ്ഡപ്രകാരം അനർഹരായവർ ജൂൺ 30 നു മുമ്പ് റേഷൻ കാർഡുകൾ തരം മാറ്റണമെന്നും, അല്ലാത്ത പക്ഷം കാർഡുടമകൾ അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ മാർക്കറ്റ് വില സർക്കാർ പിഴയായി ഈടാക്കുമെന്നുമുള്ള മുന്നറിയിപ്പ് സർക്കാറിൻ്റെ കോവിഡ് കാല കൊള്ള തന്നെയാണ്. 500 രൂപയുടെ കിറ്റ് നൽകി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട ശേഷം എങ്ങനെയെങ്കിലും അവരെ പോക്കറ്റടിക്കാനാണ് സർക്കാറിൻ്റെ പുതിയ നീക്കം.

Recommended Video
കോവിഡിനും, കടൽക്ഷോഭത്തിനുമിടയിൽ കാലങ്ങളായി വറുതിയിൽ കഴിയുന്ന തീരദേശവാസികൾ, ബേങ്കുകളിൽ നിന്നും വായ്പ്പകളെടുത്ത് വീടുകൾ വെച്ചവർ, വാഹനങ്ങൾ വാങ്ങിയവർ.. ലോക്ക് ഡൗൺ മൂലം മാസങ്ങളോളം സ്വന്തം സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത വ്യാപാരികൾ, അനുബന്ധ തൊഴിലാളികൾ, നിത്യ വരുമാന മാർഗ്ഗങ്ങളെല്ലാം മാസങ്ങളായി നിലച്ച കൂലിത്തൊഴിലാളികൾ, വിമാനങ്ങളില്ലാത്തതിനാൽ തിരിച്ചു പോകാൻ കഴിയാത്ത പ്രവാസികൾ. ഇവരുടെയൊക്കെ വീടും, വാഹനവും നോക്കി റേഷൻ ആനുകൂല്യങ്ങൾ റദ്ദ് ചെയ്യാനും, പിഴയീടാക്കാനുമുള്ള നീക്കം തീർത്തും മനുഷ്യത്വരഹിതമാണെന്നും പികെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications