അങ്ങനെ പറഞ്ഞത് ബിനു അടിമാലിയുടേയും ധർമ്മജന്റേയും വിവരക്കേട്, ഞാന്‍ എന്റെ ജോലി ചെയ്തു, അവതാരക പറയുന്നു
നടനും മിമിക്രി കലാകാരനുമായി ബിനു അടിമാലിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നും കുറേക്കാലമായി ഉയർന്ന് വരുന്നത്. സുഹൃത്തും സോഷ്യല്‍ മീഡിയ മാനേജരുമായിരുന്ന ജിനീഷ് എന്നയാള്‍ താരത്തിനെതിരെ പൊലീസില്‍ പരാത് കൊടുക്കുകയും അത് കേസാകുന്ന തരത്തിലേക്ക് എത്തുക വരെ ചെയ്തു.
ഇക്കാര്യങ്ങള്‍ സജീവ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കിയാണ് കൌമുദി മൂവിസിലെ അവതാരകയായ നൂർജഹാനെ ബിനു അടിമാലിയും ധർമ്മജനും കൂടി അഭിമുഖത്തിനിടെ ബോഡി ഷെയിമിങ് നടത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമാകുന്നത്. ഇതോടെ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് നൂർജഹാന്‍ തന്നെ രംഗത്ത് വരികയും ചെയ്തു.

പാളയം പിസി എന്ന സിനിമയുടെ പ്രമോഷന് എത്തിയ സമയത്തായിരുന്നു ബിനു അടിമാലിയുടെ വിവാദ പരാമർശം. 'എനിക്ക് ഇങ്ങനെ നോക്കുമ്പോള്‍, ഞങ്ങളുടെ കൂട്ടുകാരനായ സുമേഷ് തമ്പിയുണ്ട്. നൂർജഹാന്റെ ഷെയ്പ്പൊക്കെയുള്ള വ്യക്തിയാണ്. ആരാണെന്ന് അറിയുമോ. പഞ്ചവർണ്ണ തത്തയില്‍ ജയറാമേട്ടന്‍ മയക്കുവെടിവെച്ച് വീഴുത്തുന്നില്ലേ. ആനയ്ക്ക് വെക്കുന്ന വെടി പുള്ളിക്കാണ് കൊള്ളുന്നത്. ഇത്തിരി വണ്ണമുള്ള, ആനയുടെ മുകളില്‍ നിന്നും വീഴുന്ന ആള്‍' എന്നാണ് ബിനു അടിമാലി പറയുന്നത്. സുമേഷ് തമ്പിക്ക് പറ്റിയ ജോഡിയാണെന്ന് ധർമ്മജനും പറയുന്നു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചാ വിഷയമായതോടെ നൂർജഹാന്‍ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അന്ന് എന്താണ് പ്രതികരിക്കാത്തത് എന്ന് പലരും ഇപ്പോള്‍ ചോദിക്കുന്നുണ്ട്. നല്ല ദേഷ്യം വരുന്ന സമയത്ത് എന്താണ് പറയേണ്ടതെന്ന് ഓർമ്മയില്ലാതാവുന്ന ഒരു അവസ്ഥയുണ്ടാകും. പിന്നീടാണ് അങ്ങനെ പറയാമായിരുന്നു എന്ന് തോന്നുക. അതാണ് അന്ന് സംഭവിച്ചതെന്നും നൂർജഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
അന്ന് പ്രതികരിക്കാത്തതിന് വേറെയും ഒരു കാര്യമുണ്ട്. ആ ദിവസം പ്രോഗ്രാം പ്രൊഡ്യൂസർ സുഖമില്ലാത്തത് കൊണ്ട് വന്നിരുന്നില്ല. ഞാനും ക്യാമറ ടീമുമാണ് ഷൂട്ടിനായി പോയത്. ആ സാഹചര്യത്തില്‍ എന്റെ ഉത്തരവാദിത്തമാണ് എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച ഷോ നന്നായി മുന്നോട്ട് കൊണ്ടുപോകുക എന്നുള്ളത്. തുടക്കത്തില്‍ തന്നെയാണ് അവർ ഇത് പറയുന്നത്. എനിക്ക് വേണമെങ്കില്‍ അവിടെ നിർത്തി പോകാമായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല.
സുമേഷ് തമ്പി എന്ന് പറയുന്ന ആളുടെ ഫോട്ടോ ഞാന്‍ കണ്ടു. ഞാനും പുള്ളിയും തമ്മില്‍ ഒരു സാമ്യതയും ഉള്ളതായി തോന്നുന്നില്ല. പുള്ളിക്ക് പുള്ളിയുടേതായ സൌന്ദര്യവും എനിക്ക് എന്റേതായ സൌന്ദര്യവും ഉണ്ട്. പിന്നെ രണ്ട് പേർക്കും വണ്ണമുണ്ട്. ഈ ലോകത്ത് മെലിഞ്ഞവരും പൊക്കമുള്ളവരൊക്കെ ഒരു പോലെയാണോ. അതുമാത്രമല്ല, പറ്റിയ ജോഡി എന്ന് പറയാന്‍ വണ്ണമുള്ളവർക്ക് വണ്ണമുള്ളവർ മാത്രമാണോ ജോഡി. ആ സമയത്ത് ഞാന്‍ ഇന്‍സെക്യുർ ആയിരുന്നു.
അന്ന് പ്രതികരിക്കാതിരുന്നത് എന്താണെന്ന് പലരും ചോദിക്കുന്നുണ്ട്. എനിക്ക് ഇപ്പോള്‍ പ്രതികരിക്കാനാണ് തോന്നിയത്. ആ അഭിമുഖം എനിക്ക് ജോലിയുടെ ഭാഗമായിരുന്നു. ഒരു പബ്ലിക് പ്ലാറ്റ് ഫോമില്‍ വന്നിട്ട് അങ്ങനെ പറഞ്ഞത് അവരുടെ വിവരക്കേട്, പ്രതികരിക്കാതെ ഷോ കംപ്ലീറ്റ് ചെയ്തത് എന്റെ മര്യാദയെന്നും നൂർജഹാന്‍ കൂട്ടിച്ചേർക്കുന്നു.
സോഷ്യല്‍ മീഡിയയിലെ പ്രതികരണത്തിന് പിന്നാലെ വ്ളോഗർ സീക്രട്ട് ഏജന്റ് എന്ന സായിയോടും ഇതേ സംബന്ധിച്ച് നൂർജഹാന്‍ പ്രതികരിക്കുന്നുണ്ട്. വളരെ ചെറുപ്പം മുതല്‍ തന്നെ പല വിധത്തില്‍ ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിട്ടുള്ള ആളാണ് ഞാന്‍. അതൊക്കെ ഓവർകം ചെയ്ത്, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ച് പറയാനുള്ള കരുത്ത് നേടിയെന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാനെന്നും നൂർജഹാന്‍ സായി കൃഷ്ണയോട് പറയുന്നു.
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ വെച്ച്, ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍, അത്രയും ആളുകളുടെ മുന്നില്‍ വെച്ച് അങ്ങനെ പറഞ്ഞപ്പോള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് മനസ്സിലാകാതെ പോയി. പുറത്ത് നിന്നുള്ളവർക്ക് പറയുകയെന്നത് ഈസിയാണ്. എന്റെ മാനസികാവസ്ഥയില്‍ അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ കഴിയാതെ പോയി. പിന്നെ എന്നെ ഏല്‍പ്പിച്ച ജോലിയോട് എനിക്ക് ഒരു ഉത്തരവാദിത്തമുണ്ട്. വരുന്ന ഗസ്റ്റ് എന്ത് വിവരക്കേടും പറഞ്ഞോട്ടെ, എനിക്ക് വിഷമമില്ല.
ഇപ്പോള്‍ വീണ്ടും ഒരു സംഭാഷണം ഇങ്ങനെ കറങ്ങുന്നത് എന്റെ ഉമ്മയൊക്കെ കണ്ടു. അവർക്കൊക്കെ വലിയ വിഷമമായി. കുടുംബത്തിനും സുഹൃത്തിനുമൊക്കെ അങ്ങനെ തന്നെ. ഞാന്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ച് പല സുഹൃത്തുക്കളും ദേഷ്യപ്പെട്ടു. ഇത്തരം ബോഡി ഷെയിമിങ് നടത്തുന്നവർക്ക് അറിയില്ല മറുവശത്തുള്ളവരും അവരുടെ കുടുംബമൊക്കെ അനുഭവിക്കുന്ന ബുദ്ധിമുട്ടെന്നും നൂർജഹാന്‍ പറയുന്നു.












Click it and Unblock the Notifications