നിയമസഭയിൽ 'യുദ്ധം'; സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷം ചാടിക്കയറി, സഭ സ്തംഭിച്ചു!
നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് പുതിയ തലത്തിലേക്ക്. ശബരിമല സ്വർണക്കവർച്ച വിവാദത്തെച്ചൊല്ലി സഭയിൽ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങൾ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുകയും ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിക്കുകയും ചെയ്തതോടെ സഭ പ്രക്ഷുബ്ധമായി. കയ്യാങ്കളിയുടെ വക്കോളമെത്തിയ പ്രതിഷേധത്തെത്തുടർന്ന് സ്പീക്കർക്ക് രണ്ടുതവണ സഭാനടപടികൾ നിർത്തിവെച്ച് മടങ്ങേണ്ടി വന്നു.
ചോദ്യോത്തര വേളയിൽ തുടങ്ങിയ പ്രക്ഷോഭം
രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്വർണക്കവർച്ച വിവാദത്തിൽ പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനറുകൾ പിടിച്ചു. പ്ലക്കാർഡുകൾ താഴ്ത്തിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് സ്പീക്കർ എ.എൻ ഷംസീർ മുന്നറിയിപ്പ് നൽകിയെങ്കിലും അംഗങ്ങൾ പിന്മാറാൻ തയ്യാറായില്ല.
ഡയസിലേക്ക് ചാടിക്കയറി അൻവർ സാദത്ത്
പ്രതിഷേധം കനക്കുന്നതിനിടെ അൻവർ സാദത്ത് എം.എൽ.എ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ചത് സഭയെ അമ്പരപ്പിച്ചു. ടി.വി ഇബ്രാഹിം ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷാംഗങ്ങളും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഡയസിനു ചുറ്റും കവചമൊരുക്കിയ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ച് തടഞ്ഞതോടെ സഭയ്ക്കുള്ളിൽ ഉന്തും തള്ളുമായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പിന്നീട് ആരോപിച്ചു.

പാരഡി ഗാനവും സോണിയാ ഗാന്ധിയും
എരിതീയിൽ എണ്ണയൊഴിച്ച് ഭരണപക്ഷം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഭരണപക്ഷം മറുപടി നൽകിയത് പരിഹാസത്തിലൂടെയായിരുന്നു. 'സ്വർണ്ണം കട്ടത് കോൺഗ്രസ് ആണ്' എന്ന പാരഡി ഗാനം മന്ത്രി ശിവൻകുട്ടി സഭയിൽ ആലപിച്ചത് പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചു. സോണിയാ ഗാന്ധിയുടെ പേര് സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെടുത്തി പരാമർശിച്ചതും വലിയ ബഹളത്തിന് കാരണമായി. മന്ത്രി പി. രാജീവ് സംസാരിക്കുന്നതിനിടയിലും ഡയസിലേക്ക് കയറാനുള്ള ശ്രമം തുടർന്നതോടെ സഭ പൂർണ്ണമായും നിയന്ത്രണാതീതമായി.
സംഘർഷം മുറുകിയതോടെ സഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ പുറത്തുപോകാതിരിക്കാൻ സഭ ടിവിയുടെ സംപ്രേക്ഷണം താൽക്കാലികമായി നിർത്തിവെച്ചു. സഭയ്ക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ സാധിക്കാത്ത സാഹചര്യം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധത്തെ നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കറുടെ പദവിയെപ്പോലും ബഹുമാനിക്കാത്ത ഇത്തരക്കാർ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് വിമർശിച്ചു.
പ്രതിഷേധം അവസാനിക്കാത്ത പശ്ചാത്തലത്തിൽ സഭ ഇന്നത്തേക്ക് പിരിയുന്നതായും നാളെ വീണ്ടും സമ്മേളിക്കുമെന്നും സ്പീക്കർ അറിയിച്ചു. സഭയ്ക്കു പുറത്തും ശക്തമായ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷം സംഘടിപ്പിക്കുന്നത്. സ്വർണ്ണക്കവർച്ച വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ്












Click it and Unblock the Notifications