ചുമതല മൈസൂർ മേഖലയില്‍: കോണ്‍ഗ്രസ് 7 എംഎല്‍എമാരില്‍ നിന്നും 27 ആയി, അഭിമാനമെന്ന് റോജി എം ജോണ്‍
കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസ് പ്രസ്ഥാനത്തിന് ഏറെ അഭിമാനവും ആവേശവും നൽകുന്നതാണെന്ന് റോജി എം ജോണ്‍ എം എല്‍ എ. അതിന്റെ ഒരു ചെറിയ ഭാഗമാകാൻ സാധിച്ചു എന്നതിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ വലിയ അഭിമാനമുണ്ട്. ഒത്തൊരുമയോടെ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മികച്ച വിജയം കൈവരിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കർണാടകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സിദ്ധരാമയ്യയുടെ അത്ഭുതപ്പെടുത്തുന്ന ജന പിന്തുണ, ഡികെ ശിവകുമാറിന്റെ അതി ഗംഭീരമായ സംഘാടന മികവ്, ഓരോ മേഖലയിലും ശക്തമായ പ്രാദേശിക നേതൃത്വം, എല്ലാം കർണാടക കോൺഗ്രസിന്റെ മുതൽക്കൂട്ടാണ്. ഇതെല്ലാം കൃത്യമായി പ്രയോജനപ്പെടുത്തി അവരെ ഒറ്റക്കെട്ടായി അണി നിരത്തി തന്ത്രങ്ങൾ മെനഞ്ഞ് എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും, രൺദീപ് സിങ്ങ് സുർജേവാല യും. ഒരു വശത്ത് അഴിമതിയിൽ മുങ്ങിയ ബി ജെ പി സർക്കാരിനെ താഴെത്തട്ടിൽ വരെ തുറന്ന് കാണിച്ച് പ്രതിപക്ഷ ദൗത്യം നിർവ്വഹിച്ചു.

മറുവശത്ത് കർണാടകയിലെ സാധാരണക്കാരന്റെ ജീവിതത്തെ സ്പർശിക്കുന്ന അഞ്ച് 'ഗ്യാരണ്ടികൾ ' മുന്നോട്ട് വച്ച് ഒരു പോസിറ്റീവ് അജണ്ട വളരെ നേരത്തെ തന്നെ സെറ്റ് ചെയ്തു. ഭാരത് ജോഡോ യാത്ര ഏറ്റവും അധികം ദിവസങ്ങൾ കടന്ന് പോയ സംസ്ഥാനം കർണാടക ആയിരുന്നു. യാത്ര നൽകിയ ആവേശം ഉൾക്കൊണ്ട് ശക്തമായ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. കുറ്റമറ്റ സ്ഥാനാർഥി നിർണയം ഉചിതമായ സമയത്ത് നടത്തി ബി ജെ പി ക്കും ജെ ഡി എസിനും മേൽ വ്യക്തമായ മേൽക്കൈ നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും, രാഹുൽ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും, ഏറ്റവും ഒടുവിൽ സാക്ഷാൽ സോണിയാ ഗാന്ധിയും നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തമായ നേതൃത്വം നൽകിയത് വിജയത്തിന്റെ മാറ്റ് കൂട്ടി. ഇതെല്ലാം നേരിട്ട് മനസിലാക്കുവാനും അതിന്റെ ഭാഗമാകാൻ സാധിച്ചതും രാഷ്ട്രീയ ജീവിതത്തിലെ മഹാഭാഗ്യം തന്നെയാണ്. അതിനുള്ള അവസരം നൽകുകയും ശരിയായി ഗൈഡ് ചെയ്യുകയും ചെയ്ത കെ സി വേണുഗോപാലിനും, രൺദീപ് സിങ്ങ് സുർജേവാലക്കും ഹൃദയം നിറഞ്ഞ നന്ദി.
പ്രായത്തിൽ വളരെ താഴെയാണെങ്കിലും എ ഐ സി സി സെക്രട്ടറി എന്ന നിലയിൽ എന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പ്രേത്സാഹനവും നൽകിയ ആദരണീയരായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും മാതൃക തന്നെയാണ്. ഒപ്പം കർണാടകയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും നിസ്വാർത്ഥമായ അധ്വാനം. കർണാടകയിൽ മൈസൂർ മേഖലയുടെ ചുമതലയാണ് എനിക്ക് നൽകിയിരുന്നത്. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവലം 7 എംഎല്‍എ മാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 27 ആയി ഉയർന്നു എന്നത് ഏറെ സന്തോഷകരമാണ്. അതിനായി ആത്മാർഥമായി പരിശ്രമിച്ച എല്ലാവർക്കും നന്ദി.
ഒപ്പം, ഭാരിച്ച ഉത്തരവാദിത്വം ആയിരുന്നത് കൊണ്ട് തന്നെ കഴിഞ്ഞ ഒരു വർഷത്തിൽ നിരവധി നാളുകൾ അങ്കമാലിയിൽ നിന്നും മാറി കർണാടകയിൽ ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ മനസ്സിലാക്കി എന്നും കൂടെ നിൽക്കുന്ന എന്റെ സ്വന്തം അങ്കമാലിക്കാർക്കും ഒരായിരം നന്ദി.












Click it and Unblock the Notifications