' ചാർമിള വഴങ്ങുമോ എന്ന് ഹരിഹരൻ ചോദിച്ചു'; ചാർമിളയുടെ ആരോപണം ശരിവെച്ച് നടൻ വിഷ്ണു
ചെന്നൈ: നടി ചാർമിള സംവിധായകൻ ഹരിഹരനെതിരെ നടത്തിയ ആരോപണം ശരിവെച്ച് നടൻ വിഷ്ണു. ചാർമിള വഴങ്ങുമോ എന്ന് ഹരിഹരൻ തന്നോട് ചോദിച്ചെന്ന് വിഷ്ണു പറഞ്ഞു. ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ചോദിച്ചു. അവർ കൊടുക്കുമോ എന്നാണ് ഹരിഹരൻ ചോദിച്ചതെന്ന് വിഷ്ണു മനോരമ ന്യൂസിനോട് പറഞ്ഞു.
താനും ചാർമിളയും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് ചാർമിളയോട് വന്ന് കാണാൻ തന്നോടാണ് പറഞ്ഞതെന്നും താൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്നും പറഞ്ഞു. അതിന് ശേഷം തന്നെ വിളിച്ചിട്ട് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോയെന്ന് ചോദിച്ചെന്നും താൻ സംസാരിച്ചപ്പോൾ ചാർമിള പറ്റില്ലെന്നു പറഞ്ഞു, അതോടെ താനും ചാർമിളയും സിനിമയിൽ നിന്ന് പുറത്തായി എന്നും അതിന് ശേഷം ഹരിഹരൻ തന്നെ വിളിച്ചില്ലെന്നും വിഷ്ണു പറഞ്ഞു.

ഹരിഹരൻ ആരെയും ഓപ്പണായി ശല്യപ്പെടുത്തിയിട്ടില്ലെന്നും വളരെ മനോഹരമായി മറ്റൊരാളിലൂടെയാവും സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിംഗ് സെറ്റിൽ ക്യാമറയ്ക്ക് മുന്നിൽ പൊരിക്കും ഒടുവിൽ നടിമാർക്ക് വഴങ്ങിക്കൊടുക്കേണ്ടിവരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വിഷ്ണു പറയുന്നു. നേരിൽ കാണുന്നതല്ലാതെ മറ്റാെരു മുഖം കൂടി ഹരിഹരന് ഉണ്ടെന്നും വിഷ്ണു പറഞ്ഞു.
സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടി ചാർമിള ഇന്നലെയാണ് രംഗത്തെത്തിയത്. നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചെന്നും ചാർമിള പറഞ്ഞു.
തന്റെ സുഹൃത്തായ നടൻ വിഷ്ണുവിനോടാണ് താൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ഹരിഹരൻ ചോദിച്ചതെന്നാണ് ചാർമിള പറഞ്ഞത്. വഴങ്ങാൻ തയ്യാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും വിഷ്ണുവിനെയും ഒഴിവാക്കിയെന്നും താരം പറഞ്ഞിരുന്നു. ഒരുപാട് മലയാളം സിനിമകൾ നഷ്ടമായത് അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തത് കൊണ്ടാണെന്നും ചാർമിള പറഞ്ഞു. നാല് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ മലയാള സിനിമയിലാണ്. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും ചാർമിള പറഞ്ഞു.












Click it and Unblock the Notifications