എസ്ഡിപിഐ കുറ്റം ചെയ്താലും സിപിഎമ്മിനെ ശിക്ഷിക്കണം! അനിൽ അക്കരയ്ക്ക് എതിരെ എം സ്വരാജ്
തൃശൂർ: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൗഷാദിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എസ്ഡിപിഐയുടെ പേരെടുത്ത് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം മടിക്കുന്നതിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ആദ്യം നടത്തിയ പ്രതികരണത്തില്‍ എസ്ഡിപിഐയുടെ പേരെടുത്ത് പറയാതെ ആയിരുന്നു വിമര്‍ശനം.
പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുളളവര്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു. അതിനിടെ നൗഷാദിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് വടക്കാഞ്ചേരി എംഎല്‍എയായ അനില്‍ അക്കര. ഫേസ്ബുക്കിലാണ് അനില്‍ അക്കര സിപിഎമ്മിനെതിരെ രംഗത്ത് വന്നത്.

''നൗഷാദിക്കയുടെ കൊലപാതകം സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണം. ഇവരുടെ അറിവില്ലാതെ ഇവർക്ക് പങ്കില്ലാതെ നൗഷാദിക്കയെ ആർക്കും കൊല്ലാനാകില്ല'' എന്നാണ് അനിൽ അക്കര എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പിന്നാലെ അനിൽ അക്കരയ്ക്ക് നേരെ പച്ചത്തെറിയും പൊങ്കാലയുമാണ് ഫേസ്ബുക്കിൽ നടക്കുന്നത്. സിപിഎമ്മിന്റെ തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജും അനിൽ അക്കരയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. 'ഇതാണ് കോൺഗ്രസ്' എന്ന തലക്കെട്ടിലാണ് സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: .
" തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് യുഡിഎഫ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
രണ്ടിലും പ്രതികൾ SDPl ഭീകരരാണ്. തൃശൂർ ചാവക്കാട് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിടുന്നതേയുള്ളൂ . ബഹു MLA അനിൽ അക്കരയുടേതായി ഇതിനോടകം രണ്ട് പോസ്റ്റുകൾ ഫേസ് ബുക്കിൽ കണ്ടു. സഹപ്രവർത്തകന്റെ കൊലയാളികൾക്കെതിരായി ചെറിയ ഒരക്ഷരം പോലും അതിലെവിടെയുമില്ല. SDPl എന്ന പേര് പോലുമില്ല. പക്ഷേ സി പി ഐ എമ്മിനെതിരെ അന്വേഷണം വേണമെന്നുണ്ട്!!!!!!!! അതെ, SDPl കുറ്റം ചെയ്താൽ CPI(M) നെ ശിക്ഷിക്കണമെന്ന് ചുരുക്കം. കൂടുതൽ ഒന്നും പറയുന്നില്ല. ഭാഷയ്ക്കും പരിമിതിയുണ്ട്''. എന്നാണ് പോസ്റ്റ്.












Click it and Unblock the Notifications