'പ്രിയ നേതാവ്, വീഡിയോ കണ്ട് ഒരു ആഗ്രഹം പറഞ്ഞിരുന്നു, അതിനിയില്ല': ഓര്‍മ്മകള്‍ പങ്കുവച്ച് ഷെഫ് പിള്ള
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് പാചക വിദഗ്ദനും റെസ്റ്റോറന്റ് ഷെഫ് പിള്ളയുടെ ഉടമയുമായി സുരേഷ് പിള്ള. ഒരുപാട് തവണ ഭക്ഷണം കൊടുക്കാന്‍ പറ്റിയ പ്രിയപ്പെട്ട നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് സുരേഷ് പിള്ള സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. മലയാളികളുടെ പ്രാര്‍ത്ഥനയിലും, ഓര്‍മ്മകളിലൂടെയും ഉമ്മന്‍ ചാണ്ടി സാര്‍ എന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പാചക വീഡിയോ കണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞ ആഗ്രഹത്തെ കുറിച്ചും സുരേഷ് പിള്ള കുറിപ്പില്‍ പറഞ്ഞു. 'ഒരുപാട് തവണ ഭക്ഷണം കൊടുക്കാന്‍ പറ്റിയ പ്രിയ നേതാവ്. അവസാനമായി അദ്ദേഹത്തിന് ഭക്ഷണം വിളമ്പിയത് രവി പിള്ള സാറിന്റെ മകന്റെ വിവാഹ വിരുന്നിനാണ്. വീട്ടിലെ പാചക വിഡിയോ കണ്ട് അവിടെ വന്ന് ഒരു ദിവസം മീനും ചോറും കഴിക്കണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു. അതിനിയില്ല'- ഷെഫ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു. സുരേഷ് പിള്ളയുടെ വാക്കുകളിലേക്ക്...

ഒരുപാട് തവണ ഭക്ഷണം കൊടുക്കാന്‍ പറ്റിയ പ്രിയ നേതാവ്!
അവസാനമായി അദ്ദേഹത്തിന് ഭക്ഷണം വിളമ്പിയത് രവി പിള്ള സാറിന്റെ മകന്റെ വിവാഹ വിരുന്നിനാണ്... വീട്ടിലെ പാചക വിഡിയോ കണ്ട് അവിടെ വന്ന് ഒരു ദിവസം മീനും ചോറും കഴിക്കണം എന്നൊരു ആഗ്രഹം പറഞ്ഞിരുന്നു... അതിനിയില്ല.
ഞായറായ്ച ബാഗ്‌ളൂരിലെ പുതിയ റെസ്റ്റോറന്റിന്റ ഉദ്ഘാടന ദിവസം എന്റെ പ്രിയ സുഹൃത്തും അദ്ദേഹത്തിന്റെ പുത്രനുമായ ചാണ്ടി ഉമ്മന്‍ വന്ന് ആശംസകള്‍ അറിയിച്ചിരുന്നു... അപ്പയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് പ്രാര്‍ത്ഥനയില്‍ ഉണ്ടാവണം എന്നാണ്.. മലയാളികളുടെ പ്രാര്‍ത്ഥനയിലും, ഓര്‍മ്മകളിലൂടെയും ഉമ്മന്‍ ചാണ്ടി സാര്‍ എന്നും ഉണ്ടായിരിക്കും.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സിനിമ- സാംസ്‌കാരിക രംഗത്തുള്ളവര്‍ അനുശോചനം അറിയിച്ച് രംഗത്തെത്തുന്നുണ്ട്. പ്രഥമപരിഗണന എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്‍ എന്ന് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികള്‍'- മോഹന്‍ലാല്‍ കുറിച്ചു.












Click it and Unblock the Notifications