രാധാകൃഷ്ണനൊപ്പം ചെങ്കൊടി പിടിച്ച ചേലക്കര.. ഇത്തവണ കൈപ്പത്തിയെ പുണരുമോ? കണക്കുകള്‍ ഇങ്ങനെ
മൂന്ന് പതിറ്റാണ്ടോളമായി എല്‍ഡിഎഫിന്റെ വിശിഷ്യാ, സിപിഎമ്മിന്റെ വിശ്വസ്ത മണ്ഡലമാണ് ചേലക്കര. കൃത്യമായി പറഞ്ഞാല്‍ 1996 മുതല്‍ ചെങ്കൊടി മാത്രം കൈയേന്തിയ പാരമ്പര്യമാണ് ചേലക്കരയ്ക്കുള്ളത്. ഒരു മാസത്തിനിപ്പുറം ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ചേലക്കര. എന്നാല്‍ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധകൃഷ്ണനില്ലാതെയാണ് ഇത്തവണ സിപിഎം മത്സരത്തിനിറങ്ങുന്നത്.
മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന രാധാകൃഷ്ണന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 1965 ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ട നാള്‍തൊട്ട് പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. രാധാകൃഷ്ണനെ കൂടാതെ നാല് തവണ ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെ കെകെ ബാലകൃഷ്ണനേയും ചേലക്കര വിജയിപ്പിച്ചിട്ടുണ്ട്.

ഇതില്‍ നിന്ന് തന്നെ മണ്ഡലത്തിലെ കോണ്‍ഗ്രസ്-സിപിഎം ബലാബലം വ്യക്തമാണ്. എങ്കിലും കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇടതിനെ പുണര്‍ന്ന ചരിത്രമാണ് ചേലക്കരയ്ക്കുള്ളത്. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും കൂടുതല്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. ഒമ്പത് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്ന് പഞ്ചായത്തിലൊഴികെ ആറിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്.
തീര്‍ന്നില്ല, ബ്ലോക്ക് പഞ്ചായത്തിലും മുഴുവന്‍ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലും എല്‍ഡിഎഫ് തന്നെയാണ് അധികാരത്തില്‍ ആണ്. കോണ്‍ഗ്രസിന്റെ കെകെ ബാലകൃഷ്ണനാണ് മണ്ഡലത്തിലെ ആദ്യ എംഎല്‍എ. പിന്നീട് 1970, 1977, 1980 വര്‍ഷങ്ങളിലും കോണ്‍ഗ്രസ് ജയിച്ചു. എന്നാല്‍ 1982 ല്‍ സികെ ചക്രപാണിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 87 ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് ചേലക്കര മാറി.
1991 ലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. എന്നാല്‍ അതോടെ തീര്‍ന്നു കോണ്‍ഗ്രസിന്റെ ആവേശം. 1996 ല്‍ രാധാകൃഷ്ണന്‍ മണ്ഡലം പിടിച്ചെടുത്ത് സിപിഎമ്മിന് നല്‍കി. 2001, 2006, 2011, 2021 വര്‍ഷങ്ങളിലും രാധാകൃഷ്ണന്‍ തന്നെ ചേലക്കരയുടെ എംഎല്‍എയായി. 2016 ല്‍ രാധാകൃഷ്ണന്‍ മത്സരരംഗത്ത് പിന്‍മാറി യുആര്‍ പ്രദീപ് സിപിഎം സ്ഥാനാര്‍ത്ഥിയായി. അപ്പോഴും മണ്ഡലം സിപിഎമ്മിനൊപ്പം തന്നെ നിന്നു.
ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും യുഡിഎഫും. ആലത്തൂരില്‍ കെ രാധാകൃഷ്ണനോട് ലോക്‌സഭാ മണ്ഡലം നഷ്ടപ്പെട്ട രമ്യ ഹരിദാസിനെയാണ് അദ്ദേഹത്തിന്റെ തന്നെ സ്വന്തം തട്ടകത്തില്‍ പരീക്ഷിക്കുക എന്നാണ് വിവരം. ആലത്തൂര്‍ എംപി എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതയാണ് രമ്യ എന്നതാണ് ഇതിന് കാരണം.
മറുവശത്ത് സിപിഎം യുആര്‍ പ്രദീപിന് ഒരു അവസരം കൂടി കൊടുക്കുമോ അതോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളെ പരീക്ഷിക്കുമോ എന്നതിലാണ് ആകാംക്ഷ. അതേസമയം മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലെങ്കില്‍ ബിജെപി പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ നിര്‍ണയിച്ചേക്കും. 2021-ല്‍ 24045 വോട്ടാണ് ബിജെപിക്ക് ചേലക്കരയില്‍ നിന്ന് ലഭിച്ചത്.












Click it and Unblock the Notifications