ചേലക്കരയില്‍ 1000 വീടുകള്‍ നിര്‍മിക്കും.. വികസനമില്ലെന്ന് പറഞ്ഞത് പിണറായി തന്നെ; എന്‍കെ സുധീര്‍
ചേലക്കര: പിവി അന്‍വറിന് കേരളത്തിലുടനീളം വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത് എന്ന് ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍കെ സുധീര്‍ വണ്‍ഇന്ത്യ മലയാളത്തോട്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളേയും അമ്പരപ്പിക്കുന്ന വിജയം ഡിഎംകെ സ്വന്തമാക്കും എന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ വികസനമുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ സമ്മതിച്ചതാണ് എന്നും സുധീര്‍ പറഞ്ഞു.
'വലിയ ആത്മവിശ്വാസം പകരുന്ന തരത്തിലാണ് ഞങ്ങളുടെ പ്രചരണം മുന്നോട്ട് പോകുന്നത്. വലിയ പിന്തുണയാണ് എല്ലാ വിഭാഗങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇവിടെ 30 വര്‍ഷമായി എല്‍ഡിഎഫ് എംഎല്‍എയായിരുന്നു ജയിച്ച് വന്നത്. അദ്ദേഹം മന്ത്രിയായി, സ്പീക്കറായി. പക്ഷെ ഈ ചേലക്കരയുടെ സമഗ്ര വികസനത്തിന് നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു,' സുധീര്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനെത്തിയ പിണറായി വിജയന്‍ പറഞ്ഞത് ഈ മണ്ഡലത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല എന്നാണ്. 'ഇവിടെ നല്ല റോഡുകളില്ല. നല്ല വഴിയില്ല, ഇത് റീബില്‍ഡ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം തന്നെ കുറ്റസമ്മതം നടത്തിയിരിക്കുന്ന ഘട്ടത്തില്‍ അവര്‍ നടത്തിയ വികസനത്തെ കുറിച്ച് പറയേണ്ട കാര്യമുണ്ടോ?, അദ്ദേഹം ചോദിച്ചു.
ചേലക്കരയിലെ പലയിടത്തും സ്വന്തമായി വീടില്ലാത്തവര്‍ ഉണ്ട്. കോപ്പറേറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് 1000 വീടാണ് തങ്ങള്‍ ചേലക്കരയില്‍ വെച്ച് നല്‍കാന്‍ പോകുന്നത് എന്നും അത് സമയബന്ധിതമായി നടപ്പിലാക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു. ചേലക്കരയെ രക്ഷിക്കാനുള്ള ബാധ്യത തങ്ങള്‍ ഏറ്റെടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡിഎംകെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ഇവിടെ ബാധിക്കില്ല എന്നും സുധീര്‍ വ്യക്തമാക്കി.
'അതില്‍ ഇരട്ടത്താപ്പിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ഇത് ഞങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള ഞങ്ങളുടെ കക്ഷിക്ക് ബന്ധമുള്ള പ്രദേശമാണ്. ഇവിടെ ഞാനാണ് ജയിക്കാന്‍ പോകുന്നത്. ഞങ്ങള്‍ക്ക് അനുകൂലമായി വലിയ തരംഗം ഈ മണ്ഡലത്തില്‍ ഉണ്ട്. കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കും അത് മനസിലായിട്ടില്ല. വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും അത് മനസിലാകും,' അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ ശക്തിപ്രകടനത്തില്‍ പിവി അന്‍വര്‍ ആളുകളെ കാശ് കൊടുത്തു എത്തിച്ചു എന്ന ആരോപണവും അദ്ദേഹം തള്ളി. അന്‍വറിന് കാശ് കൊടുത്ത് ആളെ കൊണ്ടുവരേണ്ട ആവശ്യമില്ല. ചേലക്കരയില്‍ എല്ലായിടത്തും തങ്ങള്‍ക്ക് കമ്മിറ്റിയായി കഴിഞ്ഞു എന്നും ഇവിടെയുള്ള ആള്‍ക്കാരെ വെച്ച് തന്നെയാണ് തങ്ങള്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മണ്ഡലം കമ്മിറ്റിയില്ലാതെ എങ്ങനെ നിങ്ങള്‍ക്ക് ജയിക്കാന്‍ കഴിയും എന്ന് പലരും ചോദിച്ചിട്ടുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കണം. ആം ആദ്മി പാര്‍ട്ടി വരുമ്പോള്‍ ആ പാര്‍ട്ടിക്ക് ഒരു കമ്മിറ്റിയും ഇല്ലായിരുന്നു. ഇതൊന്നുമില്ലാതെയാണ് അവര്‍ രണ്ടിടത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്ന നിലയിലേക്ക് എത്തിയത്. സോഷ്യല്‍ മൂവ്‌മെന്റില്‍ ശക്തമായ ഒരു വികാരം വരും. അത് തന്നെയാണ് ഇവിടേയും സംഭവിക്കാന്‍ പോകുന്നത്,' അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസില്‍ നിന്ന് പലരും തന്നെ ബന്ധപ്പെട്ടിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. 45 വര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന ആളാണ് ഞാന്‍. പ്രധാനപ്പെട്ട മുഴുവന്‍ നേതാക്കളും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തൊട്ട് എന്നെ വിളിച്ചിരുന്നു. അത് വിവാദമാക്കാനൊന്നും ഞാനില്ല. അവര്‍ വിളിച്ചു എന്ന് പറഞ്ഞ് എനിക്ക് വെയ്റ്റ് കിട്ടുകയും വേണ്ട. ഇന്നലെ വരെ ഒരു വലിയ നേതാവ് എന്നെ വിളിച്ചിട്ട് ഇതൊക്കെ നിര്‍ത്തി പെട്ടെന്ന് പോരൂ എന്നാണ് പറഞ്ഞത്. ഞാനതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല,' എന്‍കെ സുധീര്‍ പറഞ്ഞു.












Click it and Unblock the Notifications