Chelakkara Result: ചേലക്കരയില്‍ സസ്‌പെന്‍സോ? വരവൂരില്‍ എല്‍ഡിഎഫിന് ലീഡില്ലെങ്കില്‍ അട്ടിമറി?
തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ആകാംക്ഷയോടെ മുന്നണികള്‍. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ആദ്യം വരവൂര്‍ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുക. പിന്നീട് ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. എല്‍ ഡി എഫിന് കാര്യമായ സ്വാധീനമുള്ള പ്രദേശങ്ങളാണ് ഇതെല്ലാം. വരവൂരില്‍ മാത്രം 2000 വോട്ടിന്റേയും മൂന്ന് പഞ്ചായത്തുകളിലുമായി 10000 ത്തിന് അടുത്തും ഭൂരിപക്ഷമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇത് ലഭിക്കുന്നില്ല എങ്കില്‍ ചേലക്കരയില്‍ സസ്‌പെന്‍സ് പ്രതീക്ഷിക്കാം. മണ്ഡലത്തില്‍ പുതുതായി 10000 ത്തോളം വോട്ടുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇതും ജയനിര്‍ണയത്തില്‍ പ്രധാനമാകും. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലവുമായി തട്ടിച്ച് നോക്കുമ്പോള്‍ എല്‍ഡിഎഫിന് കാര്യങ്ങള്‍ അത്ര അനുകൂലമല്ല. 20111 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ആലത്തൂരില്‍ ലഭിച്ചത്.

എന്നാല്‍ ആലത്തൂരിന് കീഴിലുള്ള ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ലീഡ് 5173 ലേക്ക് ചുരുക്കാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. മാത്രമല്ല രാധാകൃഷ്ണന് വോട്ടുള്ള തോന്നൂര്‍ക്കര എയുപി സ്‌കൂളിലെ 75 ാം നമ്പര്‍ ബൂത്തില്‍ രമ്യ ഹരിദാസ് കഴിഞ്ഞ തവണ 308 വോട്ട് പിടിച്ചിരുന്നു. ലോക്‌സഭയില്‍ രാധാകൃഷ്ണന് ഇവിടെ 299 വോട്ടാണ് ലഭിച്ചത്. കൂടാതെ ചേലക്കര പഞ്ചായത്തില് 367 വോട്ടിന് പിന്നിലായിരുന്നു രാധാകൃഷ്ണന്‍.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒമ്പതില്‍ ആറ് പഞ്ചായത്തിലും ലീഡ് നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. വരവൂര്‍ പഞ്ചായത്ത് (1167 വോട്ട്), വള്ളത്തോള്‍ നഗര്‍ (1405), പാഞ്ഞാള്‍ (952), കൊണ്ടാഴി (1176), തിരുവില്വാമല (1029) എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് മികച്ച ലീഡ് ലഭിച്ചു. എന്നാല്‍ ഇടത് കോട്ടയായ ദേശമംഗലത്ത് വെറും 148 വോട്ട് മാത്രമെ ലഭിച്ചിരുന്നുള്ളൂ.
ചേലക്കര (9), മുള്ളൂര്‍ക്കര (255), പഴയന്നൂര്‍ (82) എന്നിവിടങ്ങളില്‍ യുഡിഎഫിനായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഡ്. 2016 ല്‍ പ്രദീപിന് ലഭിച്ച 10200 വോട്ടിന്റെ ഭൂരിപക്ഷം ലക്ഷ്യമിട്ടായിരുന്നു യുഡിഎഫിന്റെ പ്രവര്‍ത്തനം. ഏറെക്കാലമായി എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിര്‍ത്തി വരുന്ന മണ്ഡലമാണ് ചേലക്കര. 28 വര്‍ഷമായി എല്‍ഡിഎഫാണ് ഇവിടെ ജയിക്കുന്നത്.
അതേസമയം അട്ടിമറി വിജയമാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. കുറഞ്ഞത് 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാംപ് അവകാശപ്പെടുന്നത്. അതേസമയം തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് ചേലക്കരയിലും പ്രതിഫലിക്കും എന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.












Click it and Unblock the Notifications