ചേലക്കരയില്‍ യുഡിഎഫിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് യുആർ പ്രദീപ്: ആദ്യ റൗണ്ടില്‍ മികച്ച മുന്നേറ്റം
പാലക്കാട്: ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ മുന്നേറ്റവുമായി എല്‍ ഡി എഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. വരവൂർ പഞ്ചായത്ത് അടങ്ങുന്ന ആദ്യ റൗണ്ടിലെ വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ 1890 വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ ഡി എഫിന്റെ കണക്കുകള്‍ പ്രകാരമുള്ള വോട്ടുകള്‍ ലഭിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടക്കത്തില്‍ എല്‍ ഡി എഫിനായിരിക്കും ഭൂരിപക്ഷമെന്ന് യു ഡി എഫും കണക്ക് കൂട്ടിയിരുന്നു. അത് ആയിരത്തോളം വോട്ടുകള്‍ മാത്രമായിരിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ ആ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് യുആർ പ്രദീപിന്റെ മുന്നേറ്റം.
1996 മുതൽ സി പി എം സ്ഥാനാർത്ഥിയ കെ രാധാകൃഷ്ണൻ വിജയിച്ചുവരുന്ന മണ്ഡലമാണ് ചേലക്കര. 2016 ൽ അദ്ദേഹം മാറി നിന്നപ്പോൾ അന്ന് യു ആർ പ്രദീപ് തന്നെയായിരുന്നു പാർട്ടിക്ക് വേണ്ടി മത്സരിച്ചത്. അന്ന് മികച്ച വിജയം സ്വന്തമാക്കാൻ പ്രദീപിന് സാധിച്ചിരുന്നു. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും കെ രാധാകൃഷ്ണന് സ്ഥാനാർത്ഥിയായി എത്തുകയും ചെയ്തു.

കോണ്‍ഗ്രസ് സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ 39400 വോട്ടുകളുടെ ലീഡായിരുന്നു കെ രാധാകൃഷ്ണന്‍ നേടിയത്. അതായത് എല്‍ ഡി എഫ് സ്ഥാനാർത്ഥിക്ക് 83415 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യു ഡി എഫിന് ലഭിച്ചത് 44015 വോട്ടുകള്‍ മാത്രമായിരുന്നു. ബി ജെ പി സ്ഥാനാർത്ഥി ഷാജുമോന്‍ 24045 വോട്ടുകളുമായി മൂന്നാമതായി. വിജയിച്ച് മന്ത്രിയായ കെ രാധാകൃഷ്ണന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയില്‍ ഉപതരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.












Click it and Unblock the Notifications