ചേന്ദമംഗലം കൂട്ടക്കൊല: പ്രതിയുടെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഋതു ജയന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെ നാട്ടുകാര്‍ ഋതു ജയന്റെ വീട് അടിച്ച് തകര്‍ത്തു. സംഭവത്തില്‍ രണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് നാട്ടുകാരെ പിരിച്ചുവിട്ടു. സംഭവസ്ഥലത്ത് വന്‍ പൊലീസ് സംഘം കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.
അയല്‍വാസികളായ മൂന്ന് പേരെയാണ് ഋതു ജയന്‍ കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെയാണ് 28 കാരനായ പ്രതി ആക്രമിച്ചത്. ഋതു ജയന്റെ ആക്രമണത്തില്‍ പരിക്കേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ജിതിന്‍ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

ദാരുണ കൂട്ടക്കൊലയില്‍ ഋതു ജയനെതിരെ നേരത്തെ തന്നെ നാട്ടുകാരില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് നേരെയുള്ള ആക്രമണം. വീടിന്റെ മുന്‍വശത്തെ സിറ്റ് ഔട്ട് അടിച്ച് തകര്‍ത്തിട്ടുണ്ട്. വീട്ടിലെ കസേര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തകര്‍ത്തു. വീടിന്റെ ജനല്‍ ചില്ലുകളും അടിച്ച് തകര്‍ത്തു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ഋതു ജയന്‍ അറസ്റ്റിലായതിന് പിന്നാലെ മാതാപിതാക്കള്‍ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് വീട് ആക്രമിച്ച സംഭവത്തില്‍ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് അപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ആക്രമണം. പ്രതിയുമായി സ്ഥലത്തെത്തി പൊലീസിന് തെളിവെടുപ്പ് നടത്താനുണ്ട്.
ഈ സമയത്തും നാട്ടുകാരില്‍ നിന്ന് വലിയ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ ആലുവ സബ് ജയിലിലാണ് ഋതു ജയന്‍ ഉള്ളത്. വേണുവിന്റെ വീട്ടിലെ വളര്‍ത്തുനായ തന്റെ വീട്ടില്‍ കയറിയെന്ന് പറഞ്ഞാണ് ഇരുമ്പുവടിയുമായെത്തി ഋതു കുടുംബത്തെ ആക്രമിച്ചത്. വിനീഷയുടെ ഭര്‍ത്താവിനെ ലക്ഷ്യമിട്ടായിരുന്നു ഋതു എത്തിയത്. ജിതിനെ ആക്രമിക്കുന്നത് തടയാനെത്തിയതിനാണ് മറ്റ് മൂന്ന് പേരേയും അടിച്ചു കൊന്നത്.
ഋതുവിനെതിരെ കൊല്ലപ്പെട്ട വിനിഷ നേരത്തെ പരാതി നല്‍കിയിരുന്നു. അതേസമയം സ്ഥിരം ക്രിമിനലായ ഋതുവിനെതിരെ നേരത്തെ നടപടി എടുക്കാത്തതിലും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തില്‍ 17 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications