787 പോസ്റ്റൽ വോട്ടുകൾ എത്തിയില്ല! വിജയം നേരിയ ഭൂരിപക്ഷത്തിനെങ്കിൽ 'ചെങ്ങന്നൂർ' കോടതി കയറും...
ചെങ്ങന്നൂരിൽ ആര് ജയിച്ചാലും അത് ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണെങ്കിൽ പോസ്റ്റൽ വോട്ടുകൾ നിർണ്ണായകമാവും.
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ 700ലേറെ പോസ്റ്റൽ വോട്ടുകൾ എത്തിയില്ല. പോസ്റ്റൽ ജീവനക്കാരുടെ സമരമാണ് പോസ്റ്റൽ വോട്ടുകൾ എത്താത്തതിന് കാരണം. ആകെ 799 പോസ്റ്റൽ വോട്ടുകൾ പോൾ ചെയ്ത ചെങ്ങന്നൂരിൽ വെറും 12 പോസ്റ്റൽ വോട്ടുകൾ മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയത്. ഈ സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയിട്ടുള്ള പോസ്റ്റൽ വോട്ടുകൾ മാത്രമേ എണ്ണുകയുള്ളു.

അതേസമയം, ചെങ്ങന്നൂരിൽ ആര് ജയിച്ചാലും അത് ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണെങ്കിൽ പോസ്റ്റൽ വോട്ടുകൾ നിർണ്ണായകമാവും. നേരിയ ഭൂരിപക്ഷത്തിനാണ് വിജയമെങ്കിൽ പോസ്റ്റൽ വോട്ടുകൾ എണ്ണാത്തത് പരാജയപ്പെട്ടവർ ചോദ്യം ചെയ്യുകയും നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യു. ഇങ്ങനെയാണെങ്കിൽ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടാവാൻ സാദ്ധ്യതയില്ല. എന്നാൽ ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയമെങ്കിൽ പോസ്റ്റൽ വോട്ടുകളുടെ അഭാവം ചോദ്യം ചെയ്തേക്കില്ല.
വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലാണ് വോട്ടെണ്ണൽ നടക്കുക. ഏഴേമുക്കാലോടെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ തുറക്കും. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചാൽ എട്ടേകാലോടെ ആദ്യഫല സൂചനകൾ ലഭിക്കും. ആകെ പതിമൂന്ന് റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്.












Click it and Unblock the Notifications